സംസ്ഥാനത്ത് സ്മാർട്ട് മീറ്റർ ഏർപ്പെടുത്താൻ മൂന്നുമാസത്തെ സാവകാശംതേടി

Spread the love

തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് മീറ്റര്‍ ഏര്‍പ്പെടുത്താന്‍ മൂന്നുമാസത്തെ സാവകാശംതേടി വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി കേന്ദ്ര ഊര്‍ജമന്ത്രി ആര്‍.കെ. സിങ്ങിന് കത്തയച്ചു. കേന്ദ്രം നിര്‍ദേശിച്ചതുപോലെ സ്വകാര്യ ഏജന്‍സിവഴി (ടോടെക്‌സ് മാതൃക) ഇതു നടപ്പാക്കിയാല്‍ ജനങ്ങള്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകുന്നതിനാല്‍ ബദല്‍മാര്‍ഗം തേടുന്നതിനാണ് സാവകാശം ചോദിച്ചത്.ടോടെക്‌സ് മാതൃകയില്‍ ഇതു നടപ്പാക്കേണ്ടെന്ന് മുഖ്യമന്ത്രിയും വൈദ്യുതിവകുപ്പിനോട് നിര്‍ദേശിച്ചിരുന്നു. ജൂണ്‍ 30-നായിരുന്നു കരാര്‍ നല്‍കാനുള്ള അവസാന തീയതി.സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതുമുതല്‍ ബില്‍ത്തുക ഈടാക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും സ്വകാര്യ ഏജന്‍സിവഴി നടപ്പാക്കണമെന്നാണ് കേന്ദ്രനിര്‍ദേശം. ജീവനക്കാരുടെ സംഘടനകള്‍ ഇത് എതിര്‍ത്തു. കെ.എസ്.ഇ.ബി. ടെന്‍ഡര്‍ വിളിച്ചെങ്കിലും ഉദ്ദേശിച്ചതിനെക്കാള്‍ 50 ശതമാനത്തിലധികമാണ് ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനി ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഒരു മീറ്ററിന് 9300 രൂപ വരും. ഇതില്‍ 15 ശതമാനം കേന്ദ്ര സബ്‌സിഡി കഴിഞ്ഞ് ബാക്കി തുക ഉപഭോക്താവാണ് മാസ തവണകളായി സ്വകാര്യ ഏജന്‍സിക്കു നല്‍കേണ്ടത്.മാസംതോറും സര്‍ച്ചാര്‍ജ് ഉള്ളതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ അധികസാമ്പത്തികബാധ്യതയുണ്ട്. കേരളത്തില്‍ കെ-ഫോണ്‍ ഉള്‍പ്പെടെയുള്ളതിന്റെ സാധ്യതകൂടി പ്രയോജനപ്പെടുത്തി നടപ്പാക്കാനാകുമോ എന്ന് സംസ്ഥാനം പരിശോധിക്കുന്നുണ്ട്. അതിനാല്‍, മൂന്നുമാസം ഇളവുനല്‍കണം. ഇപ്പോള്‍ വിളിച്ച ടെന്‍ഡര്‍ പ്രകാരം പദ്ധതി നടപ്പാക്കാനാവില്ലെന്നും കേന്ദ്രത്തെ അറിയിച്ചു.മീറ്ററിന്റെ വില കൂടിയതിനാല്‍ ടെന്‍ഡര്‍ റദ്ദാക്കാനും ബദല്‍മാര്‍ഗം മൂന്നുമാസത്തിനകം കെ.എസ്.ഇ.ബി.യില്‍നിന്ന് ലഭ്യമാക്കാനും വൈദ്യുതിവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതിന്റെ ഉത്തരവായിട്ടില്ല. ഇതുള്‍പ്പെടെയുള്ള ഫയലുകളെല്ലാം മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.കേന്ദ്രനിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ വൈദ്യുതിവിതരണരംഗത്തെ പരിഷ്‌കാരത്തിനുള്ള കേന്ദ്രസഹായം ലഭിക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക. എന്നാല്‍, ബില്ലിങ്ങും വരുമാന സമാഹരണവും സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചാല്‍, അത് വൈദ്യുതിമേഖലയുടെ സ്വകാര്യവത്കരണത്തിന് കുറുക്കുവഴിയാകും എന്നാണ് സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി., എ.ഐ.ടി.യു.സി. എന്നീ സംഘടനകളുടെ സംസ്ഥാനനേതൃത്വം യോജിച്ചെടുത്ത നിലപാട്. ബദല്‍മാര്‍ഗം നടപ്പാക്കാന്‍ സാവകാശംതേടി കേന്ദ്രത്തെ സമീപിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *