കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണം, സഹായം അഭ്യർത്ഥിച്ച് എംകെ സ്റ്റാലിൻ

Spread the love

ചെന്നൈ: അവശ്യ സാധനങ്ങളുടെയും ഭക്ഷ്യ വസ്തുക്കളുടെയും വിലക്കയറ്റത്തിൽ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ.സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുകളെ സഹായിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി പിയൂഷ് ഗോയലിന് സ്റ്റാലിൻ കത്തയച്ചു. ആഭ്യന്തര ഉൽപാദനത്തിലെ കുറവ് കണക്കിലെടുത്ത് ചില അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ കത്തിലൂടെ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.കേന്ദ്ര സ്റ്റോക്കിൽ നിന്ന് പ്രതിമാസം 10,000 മെട്രിക് ടൺ വീതം ഗോതമ്പും തുവരപ്പരിപ്പും അനുവദിക്കണമെന്നും സാധനങ്ങൾ സഹകരണ ഔട്ട്‌ലെറ്റുകൾ വഴി വിൽക്കുന്നതിലൂടെ വില കുറയ്ക്കാൻ സാധിക്കുമെന്നും എംകെ സ്റ്റാലിൻ പറഞ്ഞു. യൂണിവേഴ്സൽ പിഡിഎസ് സംവിധാനം വഴി എൻഎഫ്എസ്എ കവറേജിനപ്പുറം സർക്കാർ സൗജന്യമായി അരിയും ഗോതമ്പും വിതരണം ചെയ്യുന്നുണ്ടെന്നും സ്റ്റാലിൻ വ്യക്തമാക്കി.പച്ചക്കറികൾ, ഭക്ഷ്യധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ എന്നിവ സഹകരണ ഔട്ട്‌ലെറ്റുകൾ വഴിയും കർഷക വിപണികൾ വഴിയും പൊതുവിപണിയിൽ കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുന്നതുൾപ്പെടെയുള്ള വിവിധ ഇടപെടൽ തമിഴ്‌നാട് സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *