മഴക്കാല മുന്നൊരുക്കം: അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് അടിയന്തര പ്രാധാന്യം നല്‍കണമെന്ന് മന്ത്രി ആന്റണി രാജു
മഴക്കാലത്ത് അപകടാവസ്ഥയിലുള്ള മരങ്ങള്‍ വീണുണ്ടാകുന്ന ദുരന്തം ഒഴിവാക്കാന്‍ ഇവ മുറിച്ചു മാറ്റുന്നതിന് അടിയന്തര പ്രാധാന്യം നല്‍കണമെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു. മഴക്കാല മുന്നൊരുക്കം സംബന്ധിച്ച് തൈക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അപകടാവസ്ഥയിലുള്ള മരങ്ങളുടെ പട്ടിക തയ്യാറാക്കി ഇവ മുറിച്ചു മാറ്റുന്നതിനുള്ള നടപടി ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവൃത്തികള്‍ തൃപ്തികരമായി രീതിയിലാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓട വൃത്തിയാക്കല്‍, കാട് വെട്ടല്‍ എന്നിവയുള്‍പ്പെടെ 1325 പ്രവൃത്തികളാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ആരംഭിച്ചത്. ഇവ ഭൂരിഭാഗവും പൂര്‍ത്തിയായതായി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊതുകു നിവാരണത്തിനുള്ള ഫോഗിംഗ്, സ്‌പ്രേയിംഗ് എന്നിവയും പുരോഗമിക്കുന്നു. സ്മാര്‍ട്ട് സിറ്റിയിലെ 5 ഓടകളില്‍ നാലെണ്ണത്തിന്റെയും ചാല മാര്‍ക്കറ്റിലെ ഓടയുടെയും വൃത്തിയാക്കല്‍ പൂര്‍ത്തിയായതായി കെ.ആര്‍.എഫ്.ബി ഉദ്യോഗസ്ഥര്‍ അറിയിച്ചു. നഗരത്തിലെ വെള്ളപ്പൊക്കം തടയുന്നതിനായി നടത്തുന്ന പ്രവൃത്തികളില്‍ ഭൂരിഭാഗവും പൂര്‍ത്തിയായതായി മൈനര്‍ ഇറിഗേഷനും, ആമയിഴഞ്ചാന്‍ തോട് ഉള്‍പ്പെടെ പ്രധാന തോടുകളുടെ വൃത്തിയാക്കല്‍ പൂര്‍ത്തിയായതായി മേജര്‍ ഇറിഗേഷനും അറിയിച്ചു. ജില്ലയിലെ ഡാമുകളില്‍ മതിയായ സംഭരണ ശേഷിയുള്ളതിനാല്‍ ആശങ്കയുടെ സാഹചര്യമില്ലെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. ആള്‍ത്തുള ശുചിയാക്കല്‍ നടപടികള്‍ സിവറേജ് വകുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുര്യാത്തിയിലെ കേട് വന്ന പമ്പ് മാറ്റിസ്ഥാപിച്ചു. ദുരന്ത സാഹചര്യങ്ങള്‍ നേരിടാന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് പൊലീസ് കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ലോ ആന്റ് ഓര്‍ഡര്‍ വിഭാഗം ഡി.സി.പി. വി. അജിത് പറഞ്ഞു. അടിയന്തിര സാഹചര്യങ്ങളില്‍ 112 എന്ന നമ്പറില്‍ വിളിച്ച് പൊതുജനങ്ങള്‍ക്ക് പൊലീസ് സഹായം ആവശ്യപ്പെടാമെന്നും അദ്ദേഹം അറിയിച്ചു. ജില്ലയിലെ ആശുപത്രികളില്‍ മരുന്നുകള്‍ ഉള്‍പ്പെടെ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഴക്കെടുതി മൂലം വീടുകള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം വേഗത്തില്‍ കൈമാറണമെന്ന് തഹസില്‍ദാര്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, സബ്കളക്ടര്‍ അശ്വതി ശ്രീനിവാസ്, ദുരന്ത നിവാര്‍ണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി. ജയമോഹന്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.