ഉത്തരേന്ത്യയിൽ വെള്ളപ്പൊക്കം : അടിയന്തര യോഗം വിളിച്ച് കെജ്രിവാള്‍
ഉത്തരേന്ത്യയെ വെള്ളപ്പൊക്കത്തിലാക്കി കനത്ത മഴ തുടരവെ രാജ്യതലസ്ഥാനത്തെ പല ഭാഗങ്ങളും പ്രളയ ജലത്താല്‍ നിറഞ്ഞിരിക്കെയാണ്. കലങ്ങി മറിഞ്ഞൊഴുകുന്ന യമുനാ നദിയിലെ ജലനിരപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയതോടെ ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും 144 പ്രഖ്യാപിച്ചു. യമുനയുടെ തീരങ്ങളെല്ലാം പ്രളയത്താല്‍ മുങ്ങിയതോടെ മറ്റു പ്രദേശങ്ങള്‍ പ്രളയഭീഷണിയിലാണ്.യമുന നദിയില്‍ ജലനിരപ്പ് അപകടസൂചിക കടന്ന് 207.55 മീറ്ററായി ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹി സര്‍ക്കാര്‍ പ്രളയഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ 144 പ്രഖ്യാപിച്ചത്. 45 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യമുനയില്‍ ഏറ്റവും വലിയ ജലനിരപ്പ് രേഖപ്പെടുത്തിയത്. 207.49 മീറ്ററായിരുന്നു അന്ന് രേഖപ്പെടുത്തിയത്. ആ റെക്കോര്‍ഡ് ജലനിരപ്പിനെ മറികടന്നാണ യമുനയിലെ ജലനിരപ്പ് ഉയരുന്നത്.അര്‍ധരാത്രിയോടെ ജലനിരപ്പ് ഉയര്‍ന്ന് 207.72 മീറ്ററെങ്കിലും കടന്നേക്കുമെന്നും ഡല്‍ഹി ജലസേചന പ്രളയനിവാരണ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിലും വാണിജ്യ കേന്ദ്രങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ജലനിരപ്പ് ഉയരുന്നതിനാല്‍ പലരും വീട്ടുസാധനങ്ങള്‍ ടെറസിലേക്ക് മാറ്റി. മഴക്കെടുതി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചിട്ടുണ്ട്.പ്രളയസാധ്യത നിലനില്‍ക്കുന്നതിനാല്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചു കഴിഞ്ഞതായും യമുനാ തീരത്തു നിന്ന് പരമാവധി ആളുകളെ ഇതിനകം മാറ്റിപാര്‍പ്പിച്ചതായും ഡല്‍ഹി പൊതുമരാമത്ത് മന്ത്രി അതിഷി മര്‍ലേനയും അറിയിച്ചു.പ്രളയഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ളവരെ ഡല്‍ഹി നഗരത്തിന്റെ പല ഭാഗങ്ങളിലായി ക്രമീകരിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്കും സാമൂഹിക കേന്ദ്രങ്ങളിലേക്കും മാറ്റും. പ്രളയസാധ്യതാ പ്രദേശങ്ങള്‍ നിരീക്ഷിക്കുന്നതിനായി 16 കണ്‍ട്രോള്‍ റൂമുകള്‍ ഡല്‍ഹി സര്‍ക്കാര്‍ തുറന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹിയിലെ പ്രളയത്തെ തുടര്‍ന്ന് വീണ്ടും അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഡല്‍ഹിയില്‍ മഴ കുറവായിട്ടും യമുനയിലെ ജലനിരപ്പ് ഉയരുന്നതാണ് പ്രളയഭീതി രൂക്ഷമാക്കുന്നത്.