എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ വച്ച് 2 കിലോ കഞ്ചാവ് കടത്തിയതിന് അറസ്റ്റിലായ പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു
തിരുവനന്തപുരം: 2016 ഫെബ്രുവരിയിൽ തോൽപ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ വച്ച് 2 കിലോ കഞ്ചാവ് കടത്തിയതിന് അറസ്റ്റിലായ പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശികളായ ജാൻസൺ കെ ജെ, അബ്ദുൽ ഖാദർ എന്നിവർക്ക് കൽപ്പറ്റ എൻഡിപിഎസ് സ്‌പെഷ്യൽ കോടതി രണ്ടു വർഷത്തെ കഠിന തടവും 25000 രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്.അന്നത്തെ മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ ആയിരുന്ന പി എ ജോസഫും സംഘവും ചേർന്ന് എടുത്ത കേസിൽ അന്നത്തെ മാനന്തവാടി സർക്കിൾ ഇൻസ്‌പെക്ടർ എസ് കൃഷ്ണകുമാർ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സർക്കാരിന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സുരേഷ് കുമാർ ഹാജരായി. 2016 ഫെബ്രുവരി 15 ന് പുലർച്ചെ ബസിൽ കഞ്ചാവ് കടത്തിക്കൊണ്ടു വരവേ ആയിരുന്നു എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്. കേസിലെ മൂന്നാം പ്രതി നൗഷാദ് വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു.