500 കിലോയോളം കുഞ്ഞു മത്സ്യങ്ങൾ ഫിഷറീസ് വകുപ്പ് പിടികൂടി നശിപ്പിച്ചു
കഴക്കൂട്ടം: കഠിനംകുളം മരിയനാട് കടലിൽ നിന്നും പിടികൂടിയ ലക്ഷങ്ങൾ വിലമതിക്കുന്ന ചെറു മത്സ്യങ്ങൾ ഫിഷറീസ് വകുപ്പ് പിടികൂടി നശിപ്പിച്ചു. മത്തി, കൊഴിയാള ഇനത്തിൽപ്പെട്ട 100 ഓളം പ്പെട്ടി കുഞ്ഞു മത്സ്യങ്ങളാണ് ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷീജ മേരിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പിടിച്ചെടുത്തത്.സർക്കാർ ഉത്തരവ് മറികടന്ന് പിടികൂടിയ മിനിമം വേണ്ട ലീഗൽ സൈസ് ഇല്ലാത്ത 500 കിലോയോളം വരുന്ന മത്സ്യക്കുഞ്ഞുങ്ങളെയാണ് പിടികൂടിയത്. മരിയനാട് സ്വദേശികളായ മത്സ്യതൊഴിലാളികൾ ഉൾക്കടലിൽ നിന്നും പിടികൂടിയ മത്സ്യക്കുഞ്ഞുങ്ങളെ വള്ളത്തിൽ കരക്കെത്തിച്ച് പെരുമാതുറ, ചാന്നാങ്കര സ്വദേശികൾക്ക് വില്പന നടത്തി.തുടർന്ന് മത്സ്യക്കുഞ്ഞുങ്ങെളെ പെട്ടിയിലാക്കി ലോറിയിൽ കയറ്റുന്നതിനിടെയാണ് പിടി വീണത്.ഉദ്യോഗസ്ഥ സംഘത്തിന് നേരേ മത്സ്യതൊഴിലാളികൾ സംഘടിച്ച് എതിർത്തെങ്കിലും ഫലം കണ്ടില്ല.ഉദ്യോഗസ്ഥ സംഘത്തിനൊപ്പം കഠിനംകുളം, അഞ്ച്തെങ്ങ് കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്’മെൻ്റ്, കോസ്റ്റ് ഗാർഡുകളുമുണ്ടായിരുന്നു.കൊഴിതീറ്റ നിർമ്മാണശാലയിലേക്ക് കൊണ്ടു പോകുന്നതിനായുള്ള 1. 75 ലക്ഷം രൂപ വിലവരുന്ന കുഞ്ഞു മീനാണ് സംഘം പിടിച്ചെടുത്തത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങൾ വഴി ചെറു മത്സ്യ ബന്ധനം വ്യാപകമാണെന്ന പരാതിയെ തുടർന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഷീജ മേരിയുടെ നേതൃത്വത്തിൽ അസിഡൻ്റ് ഡയറക്ടർ ജയന്തി, ഫിഷറീസ് ഓഫീസർ സരിത എന്നിവടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.പിടിച്ചെടുത്ത മത്സ്യം മുതലപ്പൊഴിക്ക് സമീപം കുഴിച്ച് മൂടുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.മത്സ്യം പിടികൂടി കൊണ്ട് വന്ന വള്ളം ഫിഷറീസ് ഉദ്യോഗസ്ഥർക്ക് പിടികൂടാനായില്ല.മത്സ്യം പിടികൂടിയവർക്കെതിരേയോ ഇത് വില്പന നടത്തിയവർക്കെതിരേയോ,മത്സ്യം കൊണ്ട് പോകാൻ ശ്രമിച്ച വാഹനത്തിനെതിരെയോ കേസോ മറ്റ് നടപടികളോ സ്വീകരിച്ചില്ലന്നാണ് അറിയാൻ കഴിഞ്ഞത്.ട്രോളിംഗ് നിരോധനം പോലും മറികടന്നാണ് ഇത്തരത്തിലുള്ള നിയമ ലംഘനം നടന്ന് വരുന്നത്.