മണിപ്പൂരില്‍ സമാധാന നീക്കങ്ങള്‍ക്ക് തിരിച്ചടി

Spread the love

ഇംഫാല്‍: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ച സമാധാന സമിതിയോട് സഹകരിക്കില്ലെന്ന് കുക്കി വിഭാഗം നേതാക്കള്‍. സമിതിയില്‍ മുഖ്യമന്ത്രി ബീരേന്‍ സിങ് ഇഷ്ടക്കാരെ കുത്തിനിറച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു. സമാധാന ശ്രമം കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിനു ശേഷമാണ് സമാധാന സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം നടക്കുന്നുണ്ട്. ഗവര്‍ണറുടെ മേല്‍നോട്ടത്തില്‍ രൂപീകരിക്കുന്ന സമാധാന സമിതിയില്‍ മുഖ്യമന്ത്രിയും ജനപ്രതിനിധികളും സിവില്‍ സൊസൈറ്റിയില്‍ നിന്നുള്ള ആളുകളും ഉള്‍പ്പെടുന്നു.കൂടാതെ, മെയ്തി, കുക്കി, നാഗാ വിഭാഗത്തില്‍ നിന്നുള്ളവരും സമിതിയിലുണ്ടാകും. 51 അംഗ സമിതി രൂപീകരിക്കാനാണ് തീരുമാനം. സമിതിയിലെ 25 പേരും മെയ്തി വിഭാഗക്കാരാണെന്നും, കുക്കികള്‍ക്ക് 11 പ്രതിനിധികളെ മാത്രമാണ് ലഭിച്ചതെന്നും കുക്കി വിഭാഗം നേതാക്കള്‍ പറയുന്നു. തങ്ങളോട് ആലോചിക്കാതെയാണ് കുക്കി വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധികളെ തീരുമാനിച്ചത്.നാഗാ വിഭാഗത്തില്‍ നിന്നും 10 പേരുമാണ് സമിതിയിലുള്ളത്. മെയ്തി വിഭാഗത്തില്‍ നിന്നുള്ളവര്‍ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നവരാണ്. അതിനാല്‍ സമാധാന സമിതിയോട് സഹകരിക്കില്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെടണം. തങ്ങളുടെ 160 ഗ്രാമങ്ങള്‍ കത്തിയമര്‍ന്നിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെട്ടാലേ സഹകരിക്കൂ എന്നും കുക്കി വിഭാഗം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *