വിവിധ പഞ്ചായത്തുകളിൽ അക്കൗണ്ട് പൂട്ടി
സിപിഐക്ക് ചരിത്രത്തിലെ കനത്ത തോൽവി : മീനാങ്കൽ കുമാർ
തിരുവനന്തപുരം : ഡിസംബർ 13 : സിപിഐക്ക് ജില്ലയിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങേണ്ടിവന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രമുഖ കോൺഗ്രസ് നേതാവും മുൻ സിപിഐ നേതാവുമായ മീനാങ്കൽ കുമാർ പറഞ്ഞു. കോർപ്പറേഷനിൽ കേവലം മൂന്ന് സീറ്റുകളിലും ജില്ലാ പഞ്ചായത്തിൽ രണ്ട് സീറ്റിലും മാത്രമായി സിപിഐ ഒതുങ്ങി.
സിപിഐ നേതൃത്വത്തിന്റെ അഴിമതിയും ഏകപക്ഷീയമായ നിലപാടുകളും പാർട്ടിക്കുള്ളിൽ അസംതൃപ്തിയും നിസ്സംഗ മനോഭാവവും സൃഷ്ടിച്ചു. ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ട പാർട്ടിയായി സിപിഐ മാറി. നിയമസഭാ തിരഞ്ഞെടുപ്പോടുകൂടി കേരള രാഷ്ട്രീയത്തിൽ തീർത്തും അപ്രസക്തമാകുന്ന പാർട്ടിയായി സിപിഐ മാറും. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്നായി പാർട്ടി പ്രവർത്തകരും നേതാക്കളും രാജിവെച്ചു പോകുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്.
ജില്ലയിൽ സിപിഐക്ക് ചുക്കാൻ പിടിക്കുന്ന മന്ത്രി ജി ആർ അനിലിന്റെയും ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്റെയും ധാർഷ്ട്യവും അഴിമതിയുമാണ് കനത്ത പരാജയത്തിനും ജനങ്ങൾ പാർട്ടിയിൽ നിന്ന് അകലാനും കാരണമായത്. പാർട്ടി നേതൃത്വത്തിലും ഭരണ നേതൃത്വത്തിലും ഇഷ്ടക്കാരെയും ബന്ധുക്കളെയും നിയമിക്കുകയും പാർട്ടിയുടെ പേരിൽ ലഭിക്കുന്ന ജോലി ഒഴിവുകളിലേക്ക് സ്വജനപക്ഷപാതവും അഴിമതിയും നടത്തിവരുന്ന നേതൃത്വത്തിനെതിരെയുള്ള വിധിയെഴുത്താണ് ഈ തെരഞ്ഞെടുപ്പ് ഫലം.
സിപിഐയുടെ സ്വാധീന കേന്ദ്രമായിരുന്ന അരുവിക്കര മണ്ഡലത്തിലെ ആര്യനാട്, വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ ഒരു സീറ്റ് പോലും സിപിഐക്ക് വിജയിക്കാനാകാതെ ഭരണം നഷ്ടപ്പെട്ട് അക്കൗണ്ട് പൂട്ടി. പൂവച്ചൽ, ഉഴമലയ്ക്കൽ പഞ്ചായത്തുകളിൽ കേവലം ഒരു സീറ്റ് മാത്രമാണ് വിജയിക്കാനായത്. സിപിഐയ്ക്കും ഇടതുപക്ഷത്തിനും കനത്ത തോൽവിയാണ് അരുവിക്കര മണ്ഡലത്തിൽ പ്രത്യേകിച്ചും ഉണ്ടായത്. എൽഡിഎഫിൽ നിന്നും നാല് പഞ്ചായത്തുകൾ യുഡിഎഫിന് പിടിച്ചെടുക്കാനായി. ജില്ലാ ഡിവിഷനുകളിലും ബ്ലോക്ക് ഡിവിഷനുകളിലും മെച്ചപ്പെട്ട വിജയം നേടാനായി. എൽഡിഎഫിന്റെ പല കുത്തക കോട്ടകളും തകർന്നു.
2020ലെ തെരഞ്ഞെടുപ്പിൽ സിപിഐക്ക് അരുവിക്കര, വിതുര പഞ്ചായത്തുകളിൽ പ്രസിഡന്റ് സ്ഥാനവും കൂടാതെ അഞ്ചു പഞ്ചായത്തുകളിൽ വൈസ് പ്രസിഡന്റ് സ്ഥാനവും ഉണ്ടായിരുന്ന സ്ഥാനത്ത് അവയെല്ലാം ഇന്ന് നഷ്ടപ്പെട്ട സാഹചര്യമാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ഉണ്ടായത്. മീനാങ്കലിൽ 300 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കൂടി എൽഡിഎഫിൽ നിന്നും വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. ജില്ലയിലും അരുവിക്കര മണ്ഡലത്തിലും സിപിഐ വിട്ട് നൂറുകണക്കിന് പ്രവർത്തകർ സമീപകാലത്ത് കോൺഗ്രസിൽ ചേർന്നിരുന്നു.
കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ സ്വർണ്ണ കൊള്ളയ്ക്കും അഴിമതിക്കുമെതിരെയുള്ള താക്കീതാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് മീനാങ്കൽ കുമാർ പറഞ്ഞു.

