പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: പുനര്‍ജനി ഭവനപദ്ധതിയുടെപേരില്‍ വിദേശരാജ്യങ്ങളില്‍നിന്ന് പണപ്പിരിവ് നടത്തിയതില്‍ നിയമലംഘനമുണ്ടെന്ന പരാതിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ വിജിലന്‍സിന്റെ പ്രാഥമികാന്വേഷണം. ചാലക്കുടിയിലെ കാതികൂടം ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി ജെയ്സണ്‍ പാനിക്കുളങ്ങരയാണ് മുഖ്യമന്ത്രിക്ക് പരാതിനല്‍കിയത്.ഇതില്‍ വിശദമായ അന്വേഷണം വേണമെന്ന വിജിലന്‍സിന്റെ ആവശ്യപ്രകാരമാണ് പ്രാഥമികാന്വേഷണത്തിന് സര്‍ക്കാര്‍ അനുമതിനല്‍കിയത്. വിജിലന്‍സിന്റെ എറണാകുളം യൂണിറ്റാകും പ്രാഥമികാന്വേഷണം നടത്തുക. ഇതുസംബന്ധിച്ച ഉത്തരവ് അടുത്തദിവസമിറങ്ങും. വിദേശത്ത് നടത്തിയ പണപ്പിരിവ്, തുക ചെലവഴിച്ചത്, ഇതിന്റെ കണക്ക് തുടങ്ങിയവ അന്വേഷിക്കും.പ്രതിപക്ഷ നേതാവിനെതിരേയുള്ള അന്വേഷണത്തിന് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. എം.എല്‍.എ.മാര്‍ മണ്ഡലത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് അവരെ നിയമിച്ചവരുടെ അനുമതിവേണ്ടെന്ന സുപ്രീംകോടതി വിധിയുള്ളതിനാല്‍ അന്വേഷണത്തിന് സ്പീക്കറില്‍നിന്ന് അനുമതിവേണ്ടെന്നായിരുന്നു നിയമോപദേശം.സതീശന്റെ മണ്ഡലമായ പറവൂരിലെ പ്രളയബാധിതര്‍ക്ക് വീടുനിര്‍മിച്ചു നല്‍കാനുള്ള പദ്ധതിയായ പുനര്‍ജനിക്കായാണ് വിദേശത്തുനിന്ന് പണപ്പിരിവ് നടത്തിയത്. ഇക്കാര്യം അദ്ദേഹം സമ്മതിച്ചിട്ടുമുണ്ട്. എന്നാല്‍, പണം പിരിച്ചത് അനധികൃതമായിട്ടാണെന്നും പിരിച്ച തുക ഉപയോഗിച്ച് വീടുകള്‍ നിര്‍മിച്ചില്ലെന്നുമാണ് പരാതിയിലുണ്ടായിരുന്നത്. ഇതുസംബന്ധിച്ച് സി.ബി.ഐ.ക്ക് ലഭിച്ച പരാതിയും വിജിലന്‍സിന് കൈമാറിയതായാണ് വിവരം.