ദില്ലിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനോട് ഇന്ത്യ വിടാൻ നിർദ്ദേശം

Spread the love

ദില്ലിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനോട് ഇന്ത്യ വിടാൻ നിർദ്ദേശം. ചാരവൃത്തി ആരോപിച്ച് ഈ ആഴ്ച അറസ്റ്റിലായ പഞ്ചാബിൽ നിന്നുള്ള രണ്ട് ആളുകളുമായി ബന്ധം പുലർത്തിയതായി ആരോപിച്ചാണ് നടപടി. 24 മണിക്കൂറിനകം ഇന്ത്യ വിടാനാണ് ഉദ്യോഗസ്ഥന് നിർദ്ദേശം ലഭിച്ചിരിക്കുന്നത്.

വിദേശകാര്യ മന്ത്രാലയമാണ് നിർദേശം നൽകിയത്. പദവിക്ക് നിരക്കാത്ത പ്രവർത്തനത്തിൽ ഉദ്യോഗസ്ഥൻ ഏർപ്പെട്ടു എന്നാണ് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. ജീവനക്കാരന്റെ പെരുമാറ്റത്തിൽ ശക്തമായ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ഇന്ത്യ പാകിസ്ഥാൻ ചാർജ് ഡി അഫയേഴ്‌സിന് ഔപചാരികമായി ഒരു പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.

ദില്ലിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ നിയമിതനായ ഒരു പാകിസ്ഥാൻ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട ചാരവൃത്തിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പൊലീസ് ഞായറാഴ്ച അറിയിച്ചിരുന്നു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങളെക്കുറിച്ച് പാകിസ്ഥാൻ ആസ്ഥാനമായുള്ള ഒരു ഹാൻഡ്‌ലറിന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയതിന് ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായാണ് പൊലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *