കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയുമായി ബന്ധപ്പെട്ട : ഹൈക്കമാന്‍ഡ് ഇടപെടില്ല
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടെന്ന തീരുമാനത്തില്‍ ഹൈക്കമാന്‍ഡ്. പട്ടിക പുറത്തിറക്കുമ്പോള്‍ തങ്ങളോട് കൂടിയാലോചിച്ചില്ലെന്ന പരാതിയുമായി എ, ഐ ഗ്രൂപ്പുകള്‍ കേരളത്തിന്റെ ചുമതലയുള്ള പ്രതിനിധി താരിഖ് അന്‍വറിനെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ നേതാക്കള്‍ക്ക് താരിഖ് ഉറപ്പൊന്നും നല്‍കിയില്ലെങ്കിലും പരിശോധിക്കാം എന്നറിയിച്ചു. എന്നാല്‍, ഇത്തരം പ്രശ്‌നങ്ങള്‍ സംസ്ഥാനങ്ങളില്‍ തന്നെ പരിഹരിക്കണമെന്ന നിലപാടാണ് ഉന്നതനേതൃത്വത്തിനുള്ളത്.ബ്ലോക്ക് പുനഃസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എ.ഐ.സി.സി. ഇടപെടേണ്ട കാര്യമില്ലെന്നും അത് സംസ്ഥാനതലത്തില്‍തന്നെ ചര്‍ച്ചചെയ്തു പരിഹരിക്കുമെന്നും സംഘടനാച്ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. വിഷയത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് പരാതിനല്‍കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് വേണുഗോപാലിന്റെ പ്രതികരണം. ഇതിന്റെ പശ്ചാത്തലത്തില്‍ രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുമായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനും ബന്ധപ്പെട്ടു.എ ഗ്രൂപ്പിന്റെ അഭിപ്രായം എം.എം. ഹസനും ബെന്നി ബഹനാനും ഐ ഗ്രൂപ്പിന്റെ നീരസം രമേശ് ചെന്നിത്തലയുമാണ് താരിഖിനെ അറിയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബുധനാഴ്ച കാണാനെത്തിയപ്പോഴാണ് ചെന്നിത്തല താരിഖിനെ കണ്ടത്. വിഷയം പരിശോധിക്കാമെന്ന് നേതാക്കളെ താരിഖ് അറിയിച്ചെങ്കിലും കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും പൂര്‍ണമായി പിന്തുണയ്ക്കുന്ന നിലപാടാണ് അദ്ദേഹം മാധ്യമങ്ങളോട് പങ്കുവെച്ചത്. കേരളത്തില്‍ പുനഃസംഘടന നടന്നത് ജനാധിപത്യരീതിയിലാണെന്നും തന്നോട് ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരെ താരിഖ് അറിയിച്ചു. ജില്ലാതലത്തില്‍ സമിതികളുണ്ടാക്കി ഏകകണ്‌ഠേനയാണ് അംഗങ്ങളുടെ തിരഞ്ഞെടുപ്പെന്നും ഗ്രൂപ്പ് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.