ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ആരാകും വിജയക്കൊടി പാറിക്കുകയെന്ന ആകാംക്ഷയിലാണ് രാജ്യം
ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ആരാകും വിജയക്കൊടി പാറിക്കുകയെന്ന ആകാംക്ഷയിലാണ് രാജ്യം. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ചലച്ചിത്ര- കായിക താരങ്ങളും അടങ്ങുന്ന വലിയ ഒരു വിഐപി നിരയും മത്സര രംഗത്തുണ്ട്. ഇതിൽ പല പ്രമുഖരും അവിശ്വസനീയമാം വിധം പിന്നിലേക്ക് പോകുന്നതിനും ചിലർ ഞെട്ടിക്കുന്ന ലീഡുമായി കുതിക്കുന്നതും കാണാം. ലോക്സഭാ സീറ്റുകളിൽ ജനവിധി നേടിയ പ്രമുഖരുടെ നിലവിലെ സ്ഥിതി നോക്കാം…പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം മണ്ഡലമായ വാരാണസിയിൽ വലിയ തിരിച്ചടിയാണ് ആദ്യ ഘട്ടത്തിൽ നേരിടേണ്ടി വന്നത്. നാലായിരത്തിലേറെ വോട്ടുകൾക്ക് മോദി പിന്നിലായിരുന്നു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയാണ് രാജ്യത്തെ ഞെട്ടിച്ചത്. എന്നാൽ രണ്ടാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ പ്രധാനമന്ത്രി 1462 വോട്ടിന് മുന്നിട്ട് നിൽക്കുന്നു. മോദിക്ക് 8,607 വോട്ടും കോൺഗ്രസിൻ്റെ അജയ് റായിക്ക് 7,143 വോട്ടും ലഭിച്ചു. മണ്ഡലത്തിൽ തുടർച്ചയായ മൂന്നാം വിജയമാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ആശ്വാസ ദിനമാണ് ഇന്ന്. വയനാട്ടിലും റായ്ബറേലിയിലും രാഹുൽ കുതിപ്പ് തുടരുകയാണ്. വയനാട്ടിൽ അരലക്ഷത്തിലേറെ വോട്ടുകൾക്കാണ് രാഹുൽ വയനാട്ടിൽ ലീഡ് ചെയ്യുന്നത്. ഇടതിനായി രംഗത്തിറങ്ങിയ ആനി രാജയും ബിജെപിയുടെ കെ സുരേന്ദ്രനും ചിത്രത്തിൽ പോലുമില്ല.അതേസമയം രാഹുൽ ഗാന്ധിയെ റായ്ബറേലിയിൽ മത്സരിക്കാൻ വെല്ലുവിളിച്ച സ്മൃതി ഇറാനിയുടെ നില അമേഠിയിൽ പരുങ്ങലിലാണ്. 2019ൽ രാഹുലിനെ അരലക്ഷത്തിലേറെ വോട്ടുകൾക്ക് തോൽപ്പിന്ന സ്മൃതിയ്ക്കെതിരെ കോൺഗ്രസ് ഇറക്കിയ കിഷോരി ലാൽ ശർമ വലിയ മുന്നേറ്റം നടത്തുകയാണ്. തുടക്കത്തിൽ ലീഡ് ഉയർത്തി പ്രതീക്ഷ നിലനിർത്തിയെങ്കിലും തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പിന്നിലാണ്. കോൺഗ്രസ് സിറ്റിങ് എംപി ശശി തരൂർ കടുത്ത മത്സരമാണ് ഉയർത്തുന്നത്.