തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ ഒരു കുടുംബത്തിലെ 3 പേരെ മരിച്ചനിലയില്‍ കണ്ടെത്തി
തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ ഒരു കുടുംബത്തിലെ 3 പേരെ മരിച്ചനിലയില്‍ കണ്ടെത്തി. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍റിന് സമീപത്തെ മലബാര്‍ ടവര്‍ ഗസ്റ്റ് ഹൗസ് എന്ന ലോഡ്ജിലെ മുറിയിലാണ് മൂവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.ചെന്നെെ മടിപ്പാക്കം സ്വദേശി 51 വയസ്സുള്ള സന്തോഷ് പീറ്റര്‍ , ഭാര്യ 50 വയസ്സുള്ള സുനി സന്തോഷ് പീറ്റര്‍ , മകള്‍ 20 വയസ്സുള്ള ഐറിന്‍ എന്നിവരാണ് മരിച്ചത്. ഇക്കഴിഞ്ഞ 4ന് രാത്രി 12ഓടെയാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുക്കുന്നത്. 7 ന് രാത്രി പോകുമെന്നും ഹോട്ടല്‍ ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാല്‍ പോകേണ്ട സമയം കഴിഞ്ഞിട്ടും ഇവരെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ ജീവനക്കാര്‍ മുറിയുടെ വാതിലില്‍ ഏറെ നേരം തട്ടിവിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഇതോടെ ജീവനക്കാര്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മുറി ബലംപ്രയോഗിച്ച് തുറന്നപ്പോഴാണ് മൂവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്തോഷ് പീറ്ററെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഭാര്യ സുനി കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലും മകളെ കഴുത്തിൽ കെട്ടോട് കൂടിയ തുണി മുറിച്ച നിലയിൽ ബാത്ത് റൂമില്‍ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യയെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. അതേസമയം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ മരണ കാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരൂ.