പാലോട് ജംഗ്ഷനിൽ വനശ്രീ ഇക്കോഷോപ്പ് തുറന്നു

Spread the love

വനവിഭവങ്ങളുടെ വിപണനത്തിനായി പാലോട് ജംഗ്ഷനിൽ ആരംഭിച്ച വനശ്രീ ഇക്കോഷോപ്പ് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗോത്ര വിഭാഗക്കാർ വനത്തിൽ നിന്നും ശേഖരിക്കുന്ന വിഭവങ്ങൾ ഇടനിലക്കാരെ ഒഴിവാക്കി വിപണനം ചെയ്യാനായി വനം വകുപ്പ്, വന സംരക്ഷണ സമിതികളുടെ സഹകരണത്തോടെ നടത്തുന്ന സംരംഭമാണ് വനശ്രീ ഇക്കോഷോപ്പ്. തിരുവനന്തപുരം ജില്ലയിലെ നാലാമത്തെ കേന്ദ്രമാണിത്.കൊച്ചടപ്പുപാറ വന സംരക്ഷണ സമിതിയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഇക്കോ ഷോപ്പിലെ ജീവനക്കാരും ഗോത്ര വിഭാഗത്തിൽപ്പെട്ടവരാണ്. കുന്തിരിക്കം അഗർബത്തി, വൻതേൻ, രക്തചന്ദന പൊടി, മറയൂർ ശർക്കര, കറുത്ത കുന്തിരിക്കം, കരകൗശല വസ്തുക്കൾ തുടങ്ങിയവ ഇവിടെ നിന്ന് വാങ്ങാനാകും. തിരുവനന്തപുരം – ചെങ്കോട്ട പാതയിൽ പാലോട് ജങ്ഷനിലുള്ള ഇക്കോഷോപ്പ് രാവിലെ ഒൻപത് മുതൽ രാത്രി എട്ട് മണി വരെ പ്രവർത്തിക്കും. ഉദ്ഘാടന ചടങ്ങിൽ ഡി.കെ. മുരളി എം.എൽ. എ യും സന്നിഹിതനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *