സംസ്ഥാനത്ത് നാളെ മൂന്ന് ഡിജിപിമാർ വിരമിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മൂന്ന് ഡിജിപിമാർ വിരമിക്കും. അഗ്നിരക്ഷാവിഭാഗം മേധാവി ബി. സന്ധ്യ, എക്സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണൻ, കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള അരുൺകുമാർ സിൻഹ എന്നിവരാണ് നാളെ വിരമിക്കുന്നത്. ആർ. ശ്രീലേഖക്ക് പിന്നാലെ ബി. സന്ധ്യയും ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയാകാതെ വിരമിക്കുന്നതോടെ കേരളത്തിന്‍റെ ആദ്യ വനിതാ പൊലീസ് മേധാവി എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. പൊലീസ് അക്കാദമി ഉൾപ്പെടെ ഇടങ്ങളിൽ ഡയറക്ടറായി സേവനമനുഷ്ഠിച്ചതിന്‍റെ പരിചയ സമ്പന്നതയിൽ ശിഷ്ടകാലം അധ്യാപന ജീവിതത്തിന് മാറ്റിവെക്കാനുദ്ദേശിച്ചാണ് സന്ധ്യ വിരമിക്കുന്നത്.1988 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥയാണ് കോട്ടയം പാലാ സ്വദേശിയായ ബി. സന്ധ്യ. 2021 ജൂലായിൽ ഋഷിരാജ്സിങ് വിരമിച്ചതിനെ തുടർന്നാണ് ഡി.ജി.പി.യായത്. പോലീസിന്റെ പരിശീലനവിഭാഗം എ.ഡി.ജി.പി, എറണാകുളം, തൃശ്ശൂർ മേഖലാ ഐ.ജി., തിരുവനന്തപുരം റെയ്‌ഞ്ച് ഡി.ഐ.ജി. തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചു. ഒട്ടേറെ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.1989 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് എസ്. ആനന്ദകൃഷ്ണൻ. വിജിലൻസ്, ഇന്റലിജന്റ്‌സ്, പോലീസ് ആസ്ഥാനം എന്നിവിടങ്ങളിൽ വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ചു. ക്രൈംബ്രാഞ്ച് മേധാവി, ട്രാൻസ്പോർട്ട് കമ്മിഷണർ എന്നീ നിലകളിലും പ്രവർത്തിച്ചു. വിശിഷ്ടസേവനത്തിനും പ്രശസ്തസേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്.ബുധനാഴ്ച 7.30-ന് ആനന്ദകൃഷ്ണനും എട്ടിന് സന്ധ്യയ്ക്കും യാത്രയയപ്പ് പരേഡ് നൽകും. വൈകീട്ട് പോലീസ് ആസ്ഥാനത്ത് യാത്രയയപ്പും നൽകും. ആനന്ദകൃഷ്ണനും സന്ധ്യയ്ക്കും പകരമായി പൊലീസ് ആസ്ഥാനത്തെ എഡിജിപി കെ.പദ്മകുമാർ, ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് എന്നിവരെ ഡിജിപി സ്ഥാനത്തേക്ക് ഉയർത്തും. സിൻഹ ഡപ്യൂട്ടേഷനിലായതിനാൽ കേരള ഡിജിപി കേഡറിലല്ല.