കർണാടക അസംബ്ലിക്ക് ചുറ്റും ഗോമൂത്രം തളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വന്‍ വിജയത്തിനും സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനും പിന്നാലെ വിധാന്‍ സൗധയുടെ പരിസരം ഗോമൂത്രം ഉപയോഗിച്ച് ‘ശുദ്ധീകരിച്ച്’ പാര്‍ട്ടി പ്രവര്‍ത്തകര്‍. ബിജെപിയുടെ അഴിമതി നിറഞ്ഞ ഭരണം അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.ഈ വര്‍ഷം ജനുവരിയില്‍ വിധാന്‍ സൗധ (അസംബ്ലി) ഗോമൂത്രം ഉപയോഗിച്ച് ‘ശുദ്ധീകരിക്കാന്‍’ സമയമായെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞിരുന്നു. ‘വിധാന്‍ സൗധ വൃത്തിയാക്കാന്‍ ഡെറ്റോളുമായി ഞങ്ങള്‍ വരും. ശുദ്ധീകരിക്കാന്‍ എന്റെ കയ്യില്‍ കുറച്ച് ഗോമൂത്രം ഉണ്ട്…,’ ശിവകുമാര്‍ പറഞ്ഞു. ബിജെപി ഭരണകാലത്ത് നിയമസഭ അഴിമതിയാല്‍ മലിനമായെന്നും അദ്ദേഹം ആരോപിച്ചു. മെയ് 20 ന് ആണ് അദ്ദേഹം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.മുഖ്യമന്ത്രിയായി സിദ്ധരാമയ്യ രണ്ടാം തവണയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും കൂടാതെ എട്ട് കോണ്‍ഗ്രസ് നേതാക്കളും ശനിയാഴ്ച ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ 24 മന്ത്രിമാരെ പാര്‍ട്ടി ഇതുവരെ തിരഞ്ഞെടുത്തിട്ടില്ല. എംഎല്‍എമാരുടെ വലിയ പിന്തുണയുടെ അടിസ്ഥാനത്തിലാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായത്.