വിവാദപരമ്പരകള്‍ക്കിടെ രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് മൂന്നാം വര്‍ഷത്തിലേക്ക് :വൈകീട്ട് പ്രോഗ്രസ് കാര്‍ഡ് പുറത്തിറക്കും
തിരുവനന്തപുരം: വിവാദപരമ്പരകള്‍ക്കിടെ രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് മൂന്നാം വര്‍ഷത്തിലേക്ക്. മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് വരെ അഴിമതി ആരോപണം ഉയരുന്നതിനിടെയാണ് വാര്‍ഷികം. അതേസമയം, വടക്ക് മുതല്‍ തെക്ക് വരെയുള്ള ആറുവരി പാതയുടെ അതിവേഗ നിര്‍മ്മാണം അടക്കം സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത് നിരവധി വികസനമാതൃകകളാണ്.ചരിത്രമായ ഭരണത്തുടര്‍ച്ച. കിറ്റെന്ന ഏറ്റവും ലഘുവായി പറയുന്ന കാരണത്തിനപ്പുറം തിളക്കമുണ്ടായിരുന്നു സ്വര്‍ണ്ണക്കടത്ത് കൊടുങ്കാറ്റ് അതിജീവിച്ചുള്ള പിണറായി സര്‍ക്കാരിന്റെ വിജയത്തിന്. പക്ഷെ അധികാരമേറ്റ് രണ്ട് വര്‍ഷം പിന്നിടുമ്പോഴും 2021 ലെ വിജയത്തിന്റെ ഹാംഗ് ഓവര്‍ മാറാതെ സര്‍ക്കാര്‍. ആ വിജയം മാത്രം പറഞ്ഞ് എല്ലാ ആരോപണങ്ങളെയും വിമര്‍ശനങ്ങളെയും ഇന്നും നേരിടുന്നു. പുതിയ സര്‍ക്കാര്‍ രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ആരോപണമുന ഏറ്റവുമധികം മുഖ്യമന്ത്രിക്ക് നേരെയാണ്.ഒരു വശത്ത് പഴയ വീര്യം പറഞ്ഞ് ക്രുദ്ധനായും മറുവശത്ത് മൗനം തുടര്‍ന്നുമുള്ള പിണറായി പ്രതിരോധം നേരിടുന്നത് വന്‍ വിമര്‍ശനമാണ്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെയായിരുന്നു ഇതുവരെ ആരോപണങ്ങള്‍. മകന്റെ ഭാര്യാപിതാവിന്റെ സ്ഥാപനത്തിലേക്കടക്കമാണ് ഇപ്പോള്‍ റോഡിലെ ക്യാമറ വിവാദത്തിന്റെ ഫോക്കസ്. അഴിമതി ലവലേശമില്ലെന്നാണ് അവകാശവാദം. പക്ഷെ ഉയരുന്ന ഓരോ ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയില്ലാത്തത് സര്‍ക്കാറിനെ സംശയ നിഴലിലാക്കുന്നു.ക്രമസമാധാനപാലനത്തില്‍ നമ്പറുകളുടെ അവകാശവാദങ്ങളുണ്ടെങ്കിലും രണ്ട് വര്‍ഷം കേരളം ചര്‍ച്ച ചെയ്ത പ്രധാന സംഭവങ്ങളിലെല്ലാം പൊലീസ് പ്രതിക്കൂട്ടിലാണ്. പ്രതിഷേധങ്ങളെ വകമാറ്റി അതിവേഗപാതയൊരുക്കാന്‍ ശ്രമിച്ച സര്‍ക്കാറിനെ കെ റെയിലില്‍ ജനങ്ങള്‍ തന്നെ മുട്ടുക്കുത്തിച്ചു. ക്യാപ്റ്റനിറങ്ങിയാല്‍ എതിരാളികളുടെ കുത്തകമണ്ഡലം പോലും പിടിക്കാമെന്ന ഇടത് ആത്മവിശ്വാസം തൃക്കാക്കരയില്‍ തകര്‍ന്നു.രണ്ട് വര്‍ഷത്തെ സര്‍ക്കാര്‍ പ്രോഗ്രസ് കാര്‍ഡില്‍ മുന്നില്‍ പാത വികസനമാണ്. വടക്ക് നിന്നും തെക്ക് വരെ 6 വരി പാത നിര്‍മ്മാണത്തിന്റെ പുരോഗതി അതിവേഗം. സ്ഥലമേറ്റെടുക്കല്‍ കടമ്പ മറികടക്കാനായത് വലിയ നേട്ടം. രണ്ട് വര്‍ഷം കൊണ്ട് ലൈഫ് മിഷനില്‍ പൂര്‍ത്തിയായത് 50,650 വീടുകളാണ്.കരുതലിന്റെ പേരിലായിരുന്നു ഭരണത്തുടര്‍ച്ച, പക്ഷെ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നികുതികള്‍ കുത്തനെ കൂട്ടിയതിന്റെ ദുരിതത്തിലാണ് ജനം. ഇന്ധനസെസ്, വെള്ളക്കരംകൂട്ടല്‍ ഉടന്‍ കൂടുന്ന വൈദ്യുതി നിരക്കും ജനങ്ങള്‍ക്ക് ദുരിതമാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങളെല്ലാം കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ വിവാദങ്ങങ്ങളും പ്രതിസന്ധികളും മറികടക്കലാണ് പിണറായി സര്‍ക്കാറിന് മുന്നിലെ വെല്ലുവിളി.