ബഫർ സോൺ :മുഖ്യമന്ത്രിയുടേത് അസത്യ പ്രചരണം പുതുശ്ശേരി

Spread the love

റാന്നി : ബഫർ സോൺ വിഷയത്തിൽ സ്വന്തം സർക്കാരിന്റെ വീഴ്ച മറയ്ക്കാൻ മുഖ്യമന്ത്രി അസത്യപ്രചരണം നടത്തുകയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. അതിന്റെ ഭാഗമായാണ് ഉമ്മൻചാണ്ടി സർക്കാരാണ് ബഫർ സോൺ തീരുമാനിച്ചതെന്ന അടിസ്ഥാനരഹിതമായ വാദം ഉന്നയിക്കുന്നത്. നിലവിലുള്ള വനപ്രദേശങ്ങളെ മാത്രം നിലനിർത്തി സംരക്ഷിതപ്രദേശങ്ങൾക്ക് പുറത്തുള്ള എല്ലാ മനുഷ്യവാസ കേന്ദ്രങ്ങളെയും ഇക്കോ സെൻസിറ്റീവ് സോണുകളുടെ പരിധിയിൽ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള പ്രൊപ്പോസൽ അയക്കാനാണ് 2013 മെയ് 8-നു കൂടിയ ഉമ്മൻചാണ്ടി മന്ത്രിസഭായോഗം തീരുമാനിച്ചത്. ഈ തീരുമാനം കേന്ദ്രവനം മന്ത്രാലയത്തിന് സമർപ്പിക്കുകയും കേന്ദ്രസർക്കാർ അത് അംഗീകരിച്ച് കരട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ 2019 ഒക്ടോബർ 23 -നുള്ള പിണറായി മന്ത്രിസഭാ യോഗം സംരക്ഷിത വന മേഖലയോടും ദേശീയ ഉദ്യാനങ്ങളോടും ചേർന്ന് കിടക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങൾ ചുറ്റും ഒരു കിലോമീറ്റർ വരെ ഇക്കോ സെൻസിറ്റീവ് മേഖലയായി നിശ്ചയിച്ചുകൊണ്ട് കരട് വിജ്ഞാപനത്തിൽ മാറ്റം വരുത്താൻ തീരുമാനിക്കുകയായിരുന്നു. ഒൿടോബർ 31ന് തന്നെ ഇതിന്റെ ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. പിണറായി സർക്കാരിന്റെ ഈ ഉത്തരവിൽ മനുഷ്യവാസകേന്ദ്രങ്ങളെ ഒഴിവാക്കിക്കൊണ്ട് ഉമ്മൻചാണ്ടി സർക്കാർ തീരുമാനമെടുത്തെന്നും അത് 2015 മെയ് 13ന് കേന്ദ്ര വനം മന്ത്രാലയത്തിന് സമർപ്പിച്ചെന്നും ഇതിനെ അടിസ്ഥാനപ്പെടുത്തി കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചെന്നും വ്യക്തമാക്കുന്നുണ്ട്. സ്വന്തം സർക്കാരിന്റെ ഉത്തരവിലെ ഇക്കാര്യം പോലും മറച്ചുവച്ചുകൊണ്ടാണ് ഉമ്മൻചാണ്ടി സർക്കാർ തീരുമാനം കേന്ദ്രത്തെ അറിയിച്ചില്ല എന്നും ബഫർ സോൺ 10 കിലോമീറ്ററായി ശുപാർശ ചെയ്തതെന്നും മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നത്. മനുഷ്യവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനുള്ള ഉമ്മൻചാണ്ടി മന്ത്രിസഭാ തീരുമാനം നിലനിൽക്കുമ്പോൾ 2019 -ലെ മന്ത്രിസഭ ബഫർ സോൺ ഒരു കിലോമീറ്റർ ശുപാർശ ചെയ്തത് എന്തിനെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കേണ്ടത്. ജൂൺ 3ന് വന്ന സുപ്രീംകോടതി വിധിയിന്മേൽ 7 മാസം കഴിഞ്ഞ് ജനുവരിയിൽ കേസ് വീണ്ടും പരിഗണിക്കുമ്പോഴും വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കാൻ കഴിയാതെ വരുത്തിയ അലംഭാവത്തിന് മറ്റുള്ളവരുടെ മേൽ പഴിചാരി രക്ഷപെടാൻ മുഖ്യമന്ത്രി നടത്തുന്ന വൃഥാ ശ്രമം വിലപ്പോവില്ലെന്നും പുതുശ്ശേരി പറഞ്ഞു. കേരള കോൺഗ്രസ് റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബസ്റ്റാൻഡ് ജംഗ്ഷനിൽ നടന്ന സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് രാജീവ് താമരപ്പള്ളി അധ്യക്ഷത വഹിച്ചു. ഡി. സി. സി. സെക്രട്ടറി എബ്രഹാം മാത്യു പനച്ചുമൂട്ടിൽ, ആർ. എസ്. പി. സജി നെല്ലുവേലി, കേരളാ കോൺഗ്രസ് നേതാക്കളായ ഷാജൻ മാത്യു, കെ. പി. തോമസ്, എബിൻ കൈതവന, സാംകുട്ടി അയ്യക്കാവിൽ, തോമസ് കണ്ണങ്കര, റെജി ജേക്കബ്, എം. വി. കോശി, അജികുമാർ, അക്കാമ ജോൺസൻ, ഷാജി വേങ്ങഴ, ജയ്മോൻ കുറ്റിവേലിൽ, പി. പി. ഫിലിപ്പ്, സുജിത് ജോസഫ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *