കൊച്ചിയില്‍ പെയ്ത വേനല്‍ മഴയില്‍ ആസിഡ് സാന്നിധ്യം
എറണാകുളം: കൊച്ചിയില്‍ പെയ്ത വേനല്‍ മഴയില്‍ ആസിഡ് സാന്നിധ്യമെന്ന് ശാസ്ത്ര എഴുത്തുകാരനായ രാജഗോപാല്‍ കമ്മത്ത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാജഗോപാലിന്റെ സ്ഥിരീകരണം. ആസിഡ് സാന്നിധ്യം തെളിയിച്ചത് ലിറ്റ്മസ് ടെസ്റ്റിലൂടെയാണെന്നു വ്യക്തമാക്കി ചിത്രവും പോസ്റ്റ് ചെയ്തു. ബ്രഹ്‌മപുരം തീപിടിത്തത്തിനു ശേഷം പെയ്ത ആദ്യ മഴയാണ്.കൊച്ചിയിലെ വായുവില്‍ രാസമലിനീകരണ തോത് ക്രമാതീതമായി വര്‍ധിച്ചെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ ഈ വര്‍ഷത്തെ വേനല്‍ മഴയില്‍ രാസപദാര്‍ഥങ്ങളുടെ അളവു കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.2022 ഓഗസ്റ്റ് മുതലാണ് കൊച്ചിയിലെ വായുവിന്റെ ഗുണനിലവാരം കുറഞ്ഞതെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) വായു ഗുണനിലവാര സൂചിക വ്യക്തമാക്കുന്നു. ഡിസംബറിനു ശേഷം വളരെ മോശമായി. രാസബാഷ്പ സൂക്ഷ്മകണികകളുടെ അളവ് 300 പോയിന്റ് (ലോകാരോഗ്യ സംഘടന അനുവദിച്ച അളവ് 50 പോയിന്റ്) കടന്നു നില്‍ക്കുമ്പോഴാണു ബ്രഹ്‌മപുരം മാലിന്യപ്ലാന്റില്‍ തീപിടിത്തമുണ്ടായത്. ഇതോടെ കൊച്ചി വറചട്ടിയില്‍നിന്ന് എരിതീയിലേക്കു വീണു. വായുവിലെ രാസമലിനീകരണം ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളിലേക്കും വ്യാപിച്ചു.ബ്രഹ്‌മപുരം തീപിടിത്തത്തിനുശേഷം രാസബാഷ്പ കണികകള്‍ക്കു പുറമേ സള്‍ഫേറ്റ്, നൈട്രേറ്റ്, ക്ലോറൈഡ്, കാര്‍ബണ്‍ എന്നിവയുടെ സാന്നിധ്യം കൂടുതലുള്ള പിഎം10 കരിമാലിന്യത്തിന്റെ അളവും വര്‍ധിച്ചു. അന്തരീക്ഷത്തിലെ നൈട്രജന്‍ ഡയോക്‌സൈഡ് (NO2), സള്‍ഫര്‍ ഡയോക്‌സൈഡ് (SO2) എന്നിവയുടെ അളവും വര്‍ധിക്കുന്നതായി സിപിസിബി രാസമാപിനികള്‍ നല്‍കുന്ന ഡേറ്റയിലുണ്ട്. ഇതോടെ ആദ്യ വേനല്‍മഴയില്‍ സള്‍ഫ്യൂറിക് ആസിഡ്, നൈട്രിക് ആസിഡ് എന്നിവയുടെ അളവു വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നു പരിസ്ഥിതിശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.