രാജസ്ഥാനിലെ അശോക് ഗെലോട്ട് സർക്കാരിനെതിരെ :സച്ചിൻ പൈലറ്റ് പ്രഖ്യാപിച്ച ജൻ സംഘർഷ് യാത്രയ്ക്ക് ഇന്ന് തുടക്കം
രാജസ്ഥാനിലെ അശോക് ഗെലോട്ട് സർക്കാരിനെതിരെ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സച്ചിൻ പൈലറ്റ് പ്രഖ്യാപിച്ച ‘ജൻ സംഘർഷ് യാത്ര’യ്ക്ക് ഇന്ന് തുടക്കം. അജ്മീർ നിന്നുമാണ് അഞ്ച് ദിവസത്തെ യാത്ര ആരംഭിക്കുന്നത്. സംസ്ഥാനത്തെ അഴിമതി, പേപ്പർ ചോർച്ച തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടാണ് 125 കിലോമീറ്റർ സഞ്ചരിക്കുന്ന “ജൻ സംഘർഷ് യാത്ര”.സച്ചിൻ പൈലറ്റ് വ്യാഴാഴ്ച രാവിലെ ജയ്പൂരിൽ നിന്ന് ട്രെയിനിൽ പുറപ്പെടും. ട്രെയിനിൽ യുവാക്കളോട് സംസാരിച്ച് അജ്മീറിലെത്തും. അശോക് ഉദ്യാനത്തിനു സമീപം സംഘടിപ്പിച്ച പൊതുയോഗത്തിൽ പ്രസംഗിച്ച ശേഷം കാൽനടയായി ജയ്പൂരിലേക്ക് പോകും. പൈലറ്റിന്റെ വീട്ടിൽ ജനസംഘർഷ് പദയാത്രയ്‌ക്കുള്ള തയ്യാറെടുപ്പിലാണ് നേതാക്കൾ.സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിലെ പിളർപ്പ് പരസ്യമാക്കിയാണ് പൈലറ്റിന്റെ യാത്ര. പൈലറ്റ് ക്യാമ്പ് ഇതിനെ അഴിമതിക്കെതിരായ യാത്ര എന്ന് വിളിക്കുമ്പോൾ ഗെലോട്ട് ക്യാമ്പ് ഇതിനെ അച്ചടക്കമില്ലായ്മയെന്നാണ് വിശേഷിപ്പിച്ചത്. രാഹുൽ ഗാന്ധി മുതൽ പ്രിയങ്കാ ഗാന്ധിയും സോണിയ ഗാന്ധിയും വരെ ഇരുകൂട്ടരും തമ്മിൽ അനുരഞ്ജനത്തിന് പലതവണ ശ്രമിച്ചെങ്കിലും സ്ഥിതി മാറിയില്ല.