സംസ്ഥാനത്ത് ഡ്രോൺ പൈലറ്റിംഗ് പരിശീലനത്തിന് അനുമതി നൽകി : യോഗ്യത പത്താം ക്ലാസ്
സംസ്ഥാനത്ത് ഡ്രോൺ പൈലറ്റിംഗ് പരിശീലനത്തിന് അനുമതി നൽകി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. അസാപ് കേരളയ്ക്കാണ് പരിശീലനം നൽകാൻ അനുമതി ലഭിച്ചിരിക്കുന്നത്. ഡ്രോൺ പരിശീലനം നേടാനുള്ള മിനിമം യോഗ്യത പത്താം ക്ലാസ് പാസാണ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കേഷൻ നൽകുന്നതാണ്. കൂടാതെ, വിദേശത്ത് ഡ്രോണുകൾ പറപ്പിക്കാനുള്ള അവസരവും ലഭിക്കും.അസാപ് കേരളയുടെ നേതൃത്വത്തിൽ കാസർഗോഡ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിലാണ് പരിശീലനം നൽകുക. ഡ്രോൺ സാങ്കേതികവിദ്യയുടെ വളർച്ചയിലൂടെ വരും വർഷങ്ങളിൽ 80,000- ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് പദ്ധതിയിടുന്നത്. കേരളത്തിൽ ആദ്യമായാണ് ഡ്രോൺ പരിശീലനത്തിന് അനുമതി നൽകുന്നത്. ഇന്ത്യയിലും വിദേശത്തും ഡ്രോണുകൾ പറപ്പിക്കുന്നത് ഡിജിസിഐ ലൈസൻസ് ആവശ്യമാണ്.96 മണിക്കൂർ ദൈർഘ്യമുള്ള പൈലറ്റിംഗ് കോഴ്സ് 16 ദിവസം കൊണ്ട് പൂർത്തിയാക്കുന്ന തരത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ അഞ്ച് ദിവസത്തെ ഡിജിസിഎ ലൈസൻസിംഗ് പ്രോഗ്രാമും ഉൾപ്പെടുത്തുന്നതാണ്. പത്താം ക്ലാസ് പാസായ, 18 വയസിന് മുകളിൽ പ്രായമുള്ള ഏതൊരു വ്യക്തിക്കും കോഴ്സിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അതേസമയം, കോഴ്സിന് അപേക്ഷിക്കുന്നവർക്ക് പാസ്പോർട്ട് ഉണ്ടായിരിക്കണം. 16 ദിവസത്തെ കോഴ്സിന്‍റെ ഫീസ് 42,952 രൂപയാണ്.