പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും
ദില്ലി : പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊലക്കേസില്‍ പ്രതിയാണെന്ന പരാമര്‍ശത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് പരിഗണിക്കുന്നത്. കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു രാഹുലിന്റെ വാദം. ഇന്ന് പരാതിക്കാരുടെ വാദമാകും കോടതി കേള്‍ക്കുക. 2018ല്‍ ചായ്ബാസയില്‍ നടത്തിയ പ്രസംഗത്തില്‍ അമിത്ഷാ കൊലയാളിയാണെന്ന പരാമര്‍ശം രാഹുല്‍ ഉന്നയിച്ചതിനെതിരെ ജാര്‍ഖണ്ട് അടക്കം പലഭാഗങ്ങളില്‍ കേസ് നടക്കുന്നുണ്ട്.ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായ്‌ക്കെതിരെ നടത്തിയ കൊലയാളി പരാമര്‍ശം അപകീര്‍ത്തികരമെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാവ് വിജയ് മിശ്ര രാഹുലിനെതിരെ പരാതി നല്‍കിയത്. കേസില്‍ രാഹുലിന് സുല്‍ത്താന്‍പൂര്‍ കോടതി നേരത്തെ ജാമ്യം അനുവദിക്കുകയായിരുന്നു. 2018 ലെ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനിടെയുള്ള വാര്‍ത്തസമ്മേളനത്തില്‍ ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായെ കൊലക്കേസിലെ പ്രതിയെന്ന് രാഹുല്‍ വിശേഷിപ്പിച്ചത് അപകീര്‍ത്തികരമെന്നതായിരുന്ന വിജയ് മിശ്രയുടെ പരാതി. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് രാഹുല്‍ ചെയ്തതെന്നാണ് വാദി ഭാഗം ചൂണ്ടിക്കാട്ടുന്നു.