കര്‍ണാടകത്തിന്റെ രാഷ്ട്രീയഭാവി നിര്‍ണയിക്കുന്ന ജനകീയ വിധിയെഴുത്ത് ബുധനാഴ്ച
ബെംഗളൂരു: കര്‍ണാടകത്തിന്റെ രാഷ്ട്രീയഭാവി നിര്‍ണയിക്കുന്ന ജനകീയ വിധിയെഴുത്ത് ബുധനാഴ്ച. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 13-ന് ഫലമറിയാം.അടുത്തവര്‍ഷത്തെ പൊതുതിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടക്കുന്ന തിരഞ്ഞെടുപ്പിനെ രാജ്യം ആകാംക്ഷയോടെയാണ് കാണുന്നത്. കര്‍ണാടക ഫലം ദേശീയ രാഷ്ട്രീയത്തിന്റെയും ഭാവി നിര്‍ണയിക്കും. കഴിഞ്ഞതവണ വലിയ ഒറ്റക്കക്ഷിയായിട്ടും ബി.ജെ.പി.ക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. കോണ്‍ഗ്രസില്‍നിന്നും ജെ.ഡി.എസില്‍നിന്നുമായി 17 എം.എല്‍.എ.മാരെ സ്വന്തം പാളയത്തിലെത്തിച്ച് കുറുക്കുവഴിയിലൂടെയാണ് 2019-ല്‍ അധികാരം പിടിച്ചത്. ഇത്തവണ വ്യക്തമായ ഭൂരിപക്ഷം നേടി കരുത്തുതെളിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെയുള്ള ദേശീയനേതാക്കളെത്തിയായിരുന്നു പ്രചാരണം.പല നിയമസഭാ തിരഞ്ഞെടുപ്പുകളിലും പരാജയമേറ്റുവാങ്ങിയ കോണ്‍ഗ്രസ് തിരിച്ചുവരവിനുള്ള അവസരമായാണ് കര്‍ണാടകയെ കാണുന്നത്. മോദിയെ വിമര്‍ശിച്ചതിന് അപകീര്‍ത്തിക്കേസില്‍പ്പെട്ട് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം നഷ്ടമായതിനുശേഷമുള്ള ആദ്യതിരഞ്ഞെടുപ്പാണ്. ഇതില്‍ ബി.ജെ.പി.ക്ക് മറുപടിനല്‍കണം. കര്‍ണാടകത്തിലെ നേതാവായ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സ്വാധീനവും തെളിയിക്കണം. സംസ്ഥാന രാഷ്ട്രീയത്തിലെ നിര്‍ണായകശക്തിയാകാനാണ് ജെ.ഡി.എസിന്റെ ശ്രമം. ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ജെ.ഡി.എസിന് ഭാവിനിര്‍ണയിക്കാനാകും.224 മണ്ഡലങ്ങളിലേക്കായി 2613 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. 185 വനിതകള്‍ ജനവിധിതേടുന്നുണ്ട്. രണ്ട് ഭിന്നലൈംഗികരും സ്ഥാനാര്‍ഥികളാണ്. ബി.ജെ.പി.-224, കോണ്‍ഗ്രസ്-223, ജെ.ഡി.എസ്.-207, എ.എ.പി.-209, ബി.എസ്.പി.-133, ജെ.ഡി.യു.-8, സി.പി.ഐ.-7, സി.പി.എം.-4, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി-2 എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികള്‍. മറ്റ് ചെറുപാര്‍ട്ടികളുടെ 685 പേരും 918 സ്വതന്ത്രരുമുണ്ട്. 5.30 കോടി വോട്ടര്‍മാരുണ്ട്. ഇതില്‍ 2.63 കോടി വനിതകളാണ്. 4927 പേര്‍ ഭിന്നലൈംഗികര്‍. 9.17 ലക്ഷം പേര്‍ കന്നിവോട്ടര്‍മാരാണ്. 58,258 പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്.