ബോട്ട് അപകടത്തിന് പിന്നാലെ നാട്ടുകാർ ബോട്ട് ജെട്ടിയിലെ പാലം കത്തിച്ചു

Spread the love

താനൂർ: ബോട്ട് അപകടത്തിന് പിന്നാലെ നാട്ടുകാർ ബോട്ട് ജെട്ടിയിലെ പാലം കത്തിച്ചു. കെട്ടുങ്ങൽ ബീച്ചിലെ താൽകാലിക പാലമാണ് നാട്ടുകാർ കത്തിച്ചത്. ഇന്നലെ ബോട്ടിലേക്ക് യാത്രക്കാർ സഞ്ചരിച്ച പാലമാണ് നാട്ടുകാർ കത്തിച്ചത്.വൈകീട്ട് 7.30നാണ് നാൽപ്പതോളം വിനോദസഞ്ചാരികളുമായി ഹൗസ്ബോട്ട് മറിഞ്ഞത്. കെട്ട് അഴി എന്ന ഭാഗത്താണ് അപകടം നടന്നത്.കെ.ടി.ഡി.സി.യുടെ അനുമതിയോടെ രണ്ടു തട്ടുകളുള്ള ബോട്ട് സ്വകാര്യവ്യക്തിയാണ് സർവീസ് നടത്തുന്നത്. പുഴയും കടലും ചേരുന്ന മുനമ്പിലാണ് ബോട്ടിനു സർവീസ് നടത്താൻ അനുമതി.വൈകീട്ട് ആറ് വരെയാണ് അനുവദിച്ച സമയമെങ്കിലും അപകടം നടക്കുന്നത് ഏഴരയോടെയാണ്. ആറ് മണിക്ക് ശേഷവും ഒന്നര മണിക്കൂറോളം സർവീസുകൾ തുടർന്നുവെന്നർത്ഥം. നേരത്തേയും പരിധിയിൽ കൂടുതൽ ആളുകളെ ബോട്ടുകളിൽ കയറ്റുന്നതിനെതിരേ നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു. അനധികൃതമായി ബോട്ട് സർവീസ് നടത്തുന്നതിന് പ്രദേശവാസികൾ പൊലീസിൽ കേസും നൽകിയിരുന്നു.ബോട്ട് ഇരുനിലയുള്ളതായതും ഗ്ലാസ് കൊണ്ട് മൂടിയതും അപകടത്തിൻ്റെ ആഴം കൂട്ടി. ആളുകളുടെ ദൃശ്യപരിധിക്ക് പുറത്തുള്ള മേഖലയിലാണ് ബോട്ട് മറിഞ്ഞത്. ആളുകളുടെ അലമുറ കേട്ട് തൊട്ടടുത്ത വീട്ടുകാരാണ് സംഭവം പുറത്തറിയിക്കുന്നത്. തുടർന്ന് നാട്ടുകാർ ചെറുബോട്ടുമായി രക്ഷാപ്രവർത്തനം തുടങ്ങുകയായിരുന്നു. ബോട്ടിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണവരെ എളുപ്പത്തിൽ രക്ഷിക്കാനായി. ഉള്ളിൽ കുടുങ്ങിപ്പോയവർ ബോട്ട് ചെളിയിലേക്ക് ആണ്ടു പോയപ്പോൾ അതിൽ പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *