ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം പതിനഞ്ചാം ദിവസത്തിലേക്ക്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം പതിനഞ്ചാം ദിവസത്തിലേക്ക്. സമരം തുടരുമെന്ന് താരങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 21 വരെ രാപ്പകല്‍ സമരം തുടരും. 21 ന് യോഗം ചേര്‍ന്ന് സമരത്തിന്റെ ഭാവി തീരുമാനിക്കും. ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുമെന്നും ഇവര്‍ അറിയിച്ചു. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാകേഷ് ടിക്കായത്തും മറ്റ് കര്‍ഷക നേതാക്കളും എത്തിച്ചേര്‍ന്നിട്ടുണ്ട്. ഞങ്ങളുടെ പെണ്‍മക്കള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു. ഇവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ മുഴുവന്‍ രാജ്യവും ഇവര്‍ക്കൊപ്പം നില്‍ക്കും. നാളെ ഖാപ് പഞ്ചായത്തുകളില്‍ നിന്നും 5000 പേര്‍ ജന്തര്‍ മന്തറിലെത്തും.ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങള്‍ 15 ദിവസമായി രാപ്പകല്‍ സമരം ചെയ്യുന്നത്. പരാതി നല്‍കിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ഇതുവരെ ബ്രിജ് ഭൂഷണിനെ ചോദ്യം ചെയ്തിട്ടില്ല.ഡല്‍ഹി പോലീസ് സുരക്ഷ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം അറിയിച്ച് ഖാപ് പഞ്ചായത്ത് നേതാക്കള്‍ ജന്തര്‍ മന്തറിലേക്ക് എത്തുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ കൂട്ടിയത്. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിച്ചു. ഉത്തര്‍പ്രദേശ് ഹരിയാന രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ഖാപ് നേതാക്കളാണ് സമരവേദിയിലേക്ക് എത്തുന്നത്.