വെള്ള നിറത്തിലുള്ള മൂര്‍ഖന്‍ പാമ്പിനെ കോയമ്പത്തൂരിൽ കണ്ടെത്തി

Spread the love

കോയമ്പത്തൂര്‍: വെള്ള നിറത്തിലുള്ള മൂര്‍ഖന്‍ പാമ്പിനെ കോയമ്പത്തൂരിലെ പോടന്നൂറില്‍ കണ്ടെത്തി. ചൊവ്വാഴ്ചയാണ് അഞ്ചടിയോളം നീളം വരുന്ന പാമ്പിനെ ആള്‍താമസമുള്ളയിടത്ത് കണ്ടെത്തിയത്. ആല്‍ബിനിസം രോഗാവസ്ഥയാണ് പാമ്പിന്റെ വെളുത്ത നിറത്തിനു പിന്നില്‍.കുറിച്ചിയിലെ ശക്തി നഗറിലാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ പിന്നീട് ആനെക്കട്ടി വനമേഖലയിലെ മംഗരൈ കാട്ടിലേക്ക് തുറന്നു വിട്ടു. വൈല്‍ഡ് ലൈഫ് ആന്‍ഡ് നേച്ചര്‍ കണ്‍സര്‍വേഷന്‍ ട്രസ്റ്റ് വോളണ്ടിയറായ മോഹനനാണ് രക്ഷിച്ചത്. വെള്ള മൂര്‍ഖനെ വളരെ അപൂര്‍വമായാണ് കണ്ടെത്താറുള്ളത്. ല്യൂസിസ്റ്റിക് കോബ്രകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്.ജനിതക വ്യതിയാനം മൂലം ശരീരത്തില്‍ മെലാനിന്റെ അളവ് കുറയുന്നതാണ് ആല്‍ബിനിസം എന്ന അവസ്ഥക്ക് കാരണം. ഇതാണ് മൂര്‍ഖന്റെ നിറം വെള്ളയാകാനുള്ള പ്രധാന കാരണവും. ജൈവവൈവിധ്യത്താല്‍ സമ്പന്നമായതിനാലാണ് ആനക്കട്ടി മേഖല തിരഞ്ഞെടുത്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.പോടന്നൂര്‍ മേഖലയില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ മൂന്ന് വട്ടമാണ് ആല്‍ബിനോ കോബ്രകളുടെ സാന്നിധ്യം രേഖപ്പെടുത്തിയത്. പാമ്പുകളുടെ സ്വാഭാവിക ആവാസവ്യവസ്ഥ നാശം നേരിടുന്നതാണ് പ്രദേശത്ത് പാമ്പുകളെ കൂടുതലായി കാണപ്പെടുന്നതിന് കാരണമായി വന്യജീവി പ്രവര്‍ത്തകര്‍ പറയുന്നത്.ജനിതകമാറ്റം കാരണവും മെലാനിന്‍, മറ്റു പിഗ്മെന്റുകളുടെ അഭാവം മൂലവും സാധാരണ നിറം നഷ്ടപ്പെടുകയാണെന്ന് വന്യജീവി വിദഗ്ധര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *