അബ്ദുൾ റഹീമിന്റെ മോചന ഹര്‍ജി സൗദി കോടതി ഇന്ന് വീണ്ടും പരിഗണിക്കും
സൗദി ജയിലില്‍ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചന ഹര്‍ജി റിയാദ് ക്രിമിനല്‍ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രാദേശിക സമയം രാവിലെ 10ന് ആണ് കേസ് പരിഗണിക്കുക. കഴിഞ്ഞ വർഷം ജൂലായ് രണ്ടിന് വധശിക്ഷ റദ്ദാക്കിയ ശേഷം 11 തവണയാണ് റഹീമിന്റെ മോചന ഹര്‍ജി കോടതി പരിഗണിച്ചത്.
എല്ലാതവണയും പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു. സൗദി ബാലന്‍ അനസ് അല്‍ ശാഹിരി കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട റഹീമിന് 34 കോടി രൂപ ദിയാധനം കൈപ്പറ്റി കുടുംബം മാപ്പ് നല്‍കിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്. കുടുംബം മാപ്പ് നല്‍കി കഴിഞ്ഞാല്‍ പബ്ലിക് റൈറ്റ് പ്രകാരമുള്ള നടപടിക്രമം പൂര്‍ത്തിയാക്കി മോചനം അനുവദിക്കുകയാണ് പതിവ്.
റഹീമിന്റെ കേസില്‍ പതിവില്ലാത്ത കാലതാമസമാണ് ഉണ്ടാകുന്നത്. 2006ല്‍ ഡ്രൈവറായി ജോലി ലഭിച്ച് റിയാദിലെത്തി ഒരു മാസം തികയും മുന്‍പാണ് കൊലപാതകകേസില്‍ അകപ്പെട്ട് റഹീം ജയിലാകുന്നത്. ഇത് പന്ത്രണ്ടാം തവണയാണ് റിയാദ് കോടതി റഹീമിന്റെ കേസ് പരിഗണിക്കുന്നത്.