വിഴിഞ്ഞം തുറമുഖ പദ്ധതി : നടക്കുന്നത് കോണ്‍ഗ്രസും സി.പി.എമ്മും തമ്മിലുള്ള സൗഹൃദമത്സരമാണെന്ന് നിര്‍മലാ സീതാരാമന്‍

Spread the love

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ നടക്കുന്നത് കോണ്‍ഗ്രസും സി.പി.എമ്മും തമ്മിലുള്ള സൗഹൃദമത്സരമാണെന്ന് ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍. കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന കേരളത്തില്‍ പണപ്പെരുപ്പം ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണെന്നും നിര്‍മല പറഞ്ഞു.രാജ്യസഭയില്‍ ഉപധനാഭ്യര്‍ഥന ബില്ലിന്റെ ചര്‍ച്ചയില്‍ മറുപടിപറയുകയായിരുന്നു അവര്‍. രാജ്യസഭ പാസാക്കിയ ബില്‍ ലോക്‌സഭയിലേക്ക് തിരിച്ചയച്ചു. സി.പി.എം. അംഗം ജോണ്‍ ബ്രിട്ടാസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് വിഴിഞ്ഞം വിഷയമടക്കം നിര്‍മല സഭയിലുയര്‍ത്തിയത്. കോര്‍പ്പറേറ്റുകളെ പ്രീണിപ്പിക്കുകയാണ് സര്‍ക്കാരെന്ന ആരോപണത്തെ വികസനപരിപാടികള്‍ ചൂണ്ടിക്കാട്ടി ധനമന്ത്രി പ്രതിരോധിച്ചു. എല്ലാവര്‍ക്കും വികസനം, ആര്‍ക്കും പ്രീണനമില്ല എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നവകാശപ്പെട്ട മന്ത്രി കേരളത്തിലെ വിഴിഞ്ഞം തുറമുഖത്തിന് കോണ്‍ഗ്രസും സി.പി.എമ്മും എങ്ങനെയാണ് കോര്‍പ്പറേറ്റിനെ ക്ഷണിച്ചതെന്ന് ചോദിച്ചു. സുതാര്യമായ ടെന്‍ഡര്‍ നടപടികളിലൂടെയായിരുന്നു ഇതെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ബ്രിട്ടാസ് പറഞ്ഞതില്‍ സന്തോഷമുണ്ടെന്നു പറഞ്ഞ മന്ത്രി അതിലെന്തെങ്കിലും തെറ്റുണ്ടോ എന്നു ചോദിച്ചു. ”നിങ്ങള്‍ ടെന്‍ഡര്‍ നടപടികളിലൂടെ കോര്‍പ്പറേറ്റിനെ ക്ഷണിക്കുമ്പോള്‍ പ്രശ്‌നമില്ല. എന്നാല്‍, കേന്ദ്രം അതേ നടപടി സ്വീകരിച്ചാല്‍ നിങ്ങള്‍ അംബാനിക്കും അദാനിക്കും നല്‍കുന്നു എന്നാരോപിക്കും. രാജസ്ഥാനും മറ്റു സംസ്ഥാനങ്ങളും ഇതുപോലെ തന്നെയാണ്” മന്ത്രി പറഞ്ഞു.വിലക്കയറ്റം പകല്‍ക്കൊള്ളയാണെന്ന ബ്രിട്ടാസിന്റെ അഭിപ്രായത്തിനും മന്ത്രി മറുപടി നല്‍കി. കേരളത്തില്‍ 5.9 ശതമാനമാണ് വിലക്കയറ്റമെന്നും ഇത് ദേശീയ ശരാശരിയെക്കാള്‍ മുകളിലാണെന്നും നിര്‍മല പറഞ്ഞു. കേന്ദ്രസംസ്ഥാന ബന്ധവുമായും അനുച്ഛേദം 356ന്റെ ദുരുപയോഗം സംബന്ധിച്ചുമുയര്‍ന്ന ചോദ്യങ്ങളിലും കേരളത്തെ മന്ത്രി പരാമര്‍ശിച്ചു. അനുച്ഛേദം 356ന്റെ ദുരുപയോഗം 1959ല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ സര്‍ക്കാരിനെ പിരിച്ചുവിട്ടാണ് തുടങ്ങിയത്. അധികാരത്തിലിരുന്ന 16 വര്‍ഷത്തിനിടെ ഇന്ദിരാഗാന്ധി 50 തവണ 356 ദുരുപയോഗം ചെയ്തതായി നിര്‍മല ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *