മലയാള സിനിമ നീങ്ങുന്നത് കടുത്ത പ്രതിസന്ധിയിലേക്ക്

Spread the love

മലയാള സിനിമ നീങ്ങുന്നത് കടുത്ത പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ നാലു മാസത്തിനിടെ ഇറങ്ങിയ 70ല്‍ അധികം സിനിമകളില്‍ ആകെ വിജയിച്ചത് ‘രോമാഞ്ചം’ മാത്രമാണ്. ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ചിത്രം 64 കോടിയാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ പുറത്തിറങ്ങിയ സിനിമകള്‍ എല്ലാം തിയേറ്ററില്‍ ഫ്‌ളോപ്പ് ആവുകയായിരുന്നു.ഇതോടെ കഴിഞ്ഞ മാസം മലയാള സിനിമയ്ക്ക് സംഭിച്ച നഷ്ടം 200 കോടി രൂപയാണ്. മലയാളത്തില്‍ നഷ്ടക്കണക്കുകള്‍ ചര്‍ച്ചയായതോടെ താരങ്ങളുടെ പ്രതിഫലവും ചര്‍ച്ചകളില്‍ നിറയുകയാണ്. ഈ വര്‍ഷം പുറത്തിറങ്ങിയ സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ തിയേറ്ററില്‍ തകര്‍ന്നടിഞ്ഞെങ്കിലും സിനിമയുടെ ബജറ്റിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.മലയാളത്തിലെ ബിഗ് എമ്മുകളാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍മാര്‍. 20 കോടിയാണ് മോഹന്‍ലാല്‍ ഒരു സിനിമയ്ക്കായി വാങ്ങാറുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാള സിനിമയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് മോഹന്‍ലാല്‍ ആണ്. എന്നാല്‍ 2019ല്‍ പുറത്തിറങ്ങിയ ‘ലൂസിഫര്‍’ ആണ് മോഹന്‍ലാലിന്റെ അവസാനത്തെ തിയേറ്റര്‍ വിജയം നേടിയ ചിത്രം.ഒ.ടി.ടിയില്‍ എത്തിയ ‘ദൃശ്യം 2’ ഗംഭീര പ്രതികരണങ്ങള്‍ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ താരത്തിന്റെ മൂന്ന് സിനിമകളും ഫ്‌ളോപ്പ് ആയിരുന്നു. ഈ വര്‍ഷം ആദ്യം എത്തിയ ‘എലോണ്‍’ എന്ന സിനിമ താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രമാണ്. ഇനി നാല് ചിത്രങ്ങളാണ് താരത്തിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.15 കോടി വരെയാണ് മമ്മൂട്ടിയുടെ പ്രതിഫലം. ഈ വര്‍ഷം പുറത്തിറങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം മികച്ച പ്രതികരണങ്ങള്‍ നേടിയെങ്കിലും തിയേറ്ററില്‍ വലിയ വിജയം നേടിയില്ല. മറ്റൊരു ചിത്രം ഗംഭീര പരാജയമായി മാറി. മൂന്ന് സിനിമകളാണ് താരത്തിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. 12 കോടിയാണ് നിലവില്‍ ദിലീപിന്റെ പ്രതിഫലം. ആറ് സിനിമകളാണ് നടന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.7.5 കോടിയാണ് പൃഥ്വിരാജിന്റെ പ്രതിഫലം. താരം അഭിനയിക്കുന്ന സിനിമകള്‍ക്കും സംവിധാനം ചെയ്യുന്ന സിനിമകള്‍ക്കും പ്രേക്ഷകരുണ്ട്. 5 കോടിയാണ് സുരേഷ് ഗോപിയുടെ പ്രതിഫലം. എട്ടോളം സിനിമകളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി എന്നിവര്‍ മൂന്ന് കോടിയാണ് പ്രതിഫലമായി കൈപറ്റാറുള്ളത്.ഇരുതാരങ്ങളുടെയും ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകള്‍ ഫ്‌ളോപ്പുകള്‍ ആയിരുന്നു. രണ്ട് കോടിയാണ് ടൊവിനോ തോമസിന്റെ പ്രതിഫലം. ഷെയ്ന്‍ നിഗം, ബേസില്‍ ജോസഫ് എന്നിവര്‍ഒരു സിനിമയ്ക്കായി വാങ്ങുന്നത് 75 ലക്ഷം രൂപയാണ്. നടിമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് പാര്‍വതി തിരുവോത്ത് ആണ്. 75 ലക്ഷമാണ് നടിയുടെ പ്രതിഫലം. 50 ലക്ഷമാണ് ഭാവനയുടെ പ്രതിഫലം എന്നിങ്ങനെയാണ് താരങ്ങളുടെ പ്രതിഫല കണക്കുകള്‍. ചെറിയ ബജറ്റുകളിലാണ് മലയാള സിനിമകള്‍ ഒരുങ്ങാറുള്ളത്. ബജറ്റിന്റെ 60 ശതമാനവും പ്രധാന താരത്തിനുള്ള പ്രതിഫലത്തിന്റെ ഇനത്തിലാണ് പോകുന്നുതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *