എണ്ണക്കപ്പൽ ഒമാൻ ഉൾക്കടലിൽവെച്ച് ഇറാൻ നാവിക സേന പിടിച്ചെടുത്തു
അമേരിക്കയിലേക്ക് പോവുകയായിരുന്ന എണ്ണക്കപ്പൽഒമാൻ ഉൾക്കടലിൽവെച്ച് ഇറാൻ നാവിക സേന പിടിച്ചെടുത്തു. ഇന്ത്യക്കാരായ 24 ജീവനക്കാർ കപ്പലിലുണ്ടായിരുന്നതായി ഓപ്പറേറ്റർ എഎഫ്‌പിയോട് പറഞ്ഞു. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്ത ഫൂട്ടേജുകളിൽ നാവികസേനയുടെ കമാൻഡോകൾ ഹെലികോപ്റ്ററിൽ നിന്ന് അഡ്വാന്റേജ് സ്വീറ്റിന്റെ ഡെക്കിലേക്ക് ഇറങ്ങുന്നത് കാണിച്ചിരുന്നു. ഒമാൻ തീരത്ത് വെച്ച് തങ്ങളുടെ കപ്പലുകളിലൊന്നുമായി കൂട്ടിയിടിച്ചെന്നാരോപിച്ചാണ് കപ്പൽ പിടിച്ചെടുത്തതെന്ന് ടെഹ്‌റാൻ പറഞ്ഞു.ഇതിനും മുൻപും സമാന അനുഭവങ്ങൾ ഉണ്ടായിരുന്നതായും, ജീവനക്കാർ അപകടത്തിലല്ലെന്നാണ് മുൻകാല അനുഭവങ്ങൾ കാണിക്കുന്നതെന്നുംകപ്പലിന്റെ ഓപ്പറേറ്റർ അഡ്വാന്റേജ് ടാങ്കേഴ്സ് എഎഫ്‌പിയോട് പറഞ്ഞു. “അന്താരാഷ്ട്ര തർക്കം” കാരണം മാർഷൽ ദ്വീപുകളുടെ കൊടിയേറ്റ കപ്പൽ ഇറാന്റെ നാവികസേന തുറമുഖത്തേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ഓപ്പറേറ്റർ പ്രസ്താവനയിൽ പറഞ്ഞു.