വെള്ളനാട് കിണറ്റില്‍ വീണ കരടിയെ അഗ്‌നിശമന സേന പുറത്തെത്തിച്ചു

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് കിണറ്റില്‍ വീണ കരടിയെ ഒടുവില്‍ അഗ്‌നിശമന സേന പുറത്തെത്തിച്ചു. ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. കിണറിന്റെ അടിത്തട്ടില്‍ നിന്നാണ് കരടിയെ കിട്ടിയത്. ഇതിനെ സമീപത്ത് സ്ഥാപിച്ച കൂട്ടിലേക്ക് മാറ്റി.രക്ഷാദൗത്യത്തില്‍ വനംവകുപ്പിന് പാളിച്ച പറ്റിയതിന് പിന്നാലെയാണ് ദൗത്യം അഗ്‌നിശമനസേന ഏറ്റെടുത്തത്. കിണറ്റില്‍വെച്ച് മയക്കുവെടിയേറ്റ കരടി മയങ്ങി വെള്ളത്തില്‍ മുങ്ങിയിരുന്നു. തുടര്‍ന്ന് വെള്ളം വറ്റിച്ചതിന് ശേഷമാണ് കരടിയെ പുറത്തെടുക്കാനായത്.വെള്ളത്തില്‍ മുങ്ങി മണിക്കൂറുകള്‍ പിന്നിട്ടതിന് ശേഷമാണ് കരടിയെ പുറത്തെടുത്തത്. അതിനാല്‍ തന്റെ അതിന്റെ ജീവനിലും ആശങ്കയുണ്ട്. കരടി ചത്തിട്ടുണ്ടാകാമെന്ന് മയക്കുവെടിവച്ച ഡോക്ടര്‍ അലക്‌സാണ്ടര്‍ പ്രതികരിച്ചു.ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് കണ്ണമ്പള്ളി സ്വദേശി അരുണിന്റെ വീട്ടിലെ കിണറ്റില്‍ കരടി വീണത്. കോഴിയെ പിടിക്കുന്നതിനിടെയാണ് കരടി കിണറ്റില്‍ വീണത്. രണ്ട് കോഴിയെ കരടി പിടികൂടിയിരുന്നു. മൂന്നാമത്തെ കോഴിയെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കിണറിന്റെ വക്കത്തേക്ക് കോഴി പറന്നുനിന്നു. ഇതിനെ പിടിക്കുന്നതിനിടെ കരടി കിണറ്റിലേക്ക് വീഴുകയായിരുന്നു.കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടാണ് അരുണ്‍ പുറത്തേയ്ക്കിറങ്ങി നോക്കിയത്. അപ്പോഴാണ് കരടി കിണറ്റില്‍ വീണു കിടക്കുന്നത് കാണുന്നത്. തുടര്‍ന്നു വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതര്‍ കരടിയെ മയക്കുവെടി വച്ചെങ്കിലും കരടി വെള്ളത്തില്‍ മുങ്ങിയത് പ്രതിസന്ധിയായി.കിണറ്റിലേക്കുള്ള വീഴ്ചയില്‍ കരടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നാണ് നേരത്തേ വനംവകുപ്പ് അധികൃതര്‍ പറഞ്ഞത്. കിണറ്റിലെ വെള്ളം വറ്റിച്ച് കരടിയെ പുറത്തെത്തിക്കാനുള്ള നീക്കവും പരാജയപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ ശ്വാസതടസ്സത്തെ തുടര്‍ന്നു തിരിച്ചുകയറി. തുടര്‍ന്ന് വെള്ളം വറ്റിച്ചതിന് ശേഷമാണ് കരടിയെ പുറത്തെടുക്കാനായത്. തൊട്ടടുത്തുള്ള വനത്തില്‍ നിന്നാണ് കരടി എത്തിയതെന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *