കേരളാ സന്ദർശനത്തിന് മുൻപ് മലയാളത്തിൽ ട്വീറ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
തിരുവനന്തപുരം: കേരളാ സന്ദർശനത്തിന് മുൻപ് മലയാളത്തിൽ ട്വീറ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരത്തെ ജനങ്ങളുടെ ഇടയിലേക്കെത്തുന്നതിൽ താൻ ആകാംഷാഭരിതനാണെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിലെ 11 ജില്ലകൾക്ക് പ്രയോജനകരമായ വന്ദേഭാരത് സർവീസ് ടൂറിസത്തിനും വാണിജ്യത്തിനും ഏറെ ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. തിങ്കളാഴ്ച്ചയാണ് ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. നിരവധി പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും.സെൻട്രൽ സ്റ്റേഡിയത്തിൽ ഏപ്രിൽ 25 ന് രാവിലെ നടക്കുന്ന പരിപാടിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും. ഡിജിറ്റൽ സയൻസ് പാർക്ക്, തിരുവനന്തപുരം, കോഴിക്കോട്, വർക്കല – ശിവഗിരി സ്റ്റേഷനുകളുടെ വികസനം, നേമം, കൊച്ചുവേളി സമഗ്ര വികസനം എന്നിവയുടെ ശിലാസ്ഥാപനം അദ്ദേഹം നടത്തും. കൊച്ചി വാട്ടർ മെട്രോ, ദിണ്ഡിഗൽ – പളനി – പാലക്കാട് സെക്ഷന്റെ വൈദ്യുതീകരണം എന്നീ പദ്ധതികൾ പ്രധാനമന്ത്രി നാടിന് സമർപ്പിക്കും.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്രമന്ത്രി വി മുരളീധരൻ, മന്ത്രിമാരായ വി അബ്ദുറഹിമാൻ, ആന്റണി രാജു, ഡോ ശശിതരൂർ എം പി തുടങ്ങിയവർ പങ്കെടുക്കും.ട്വിറ്റർ കുറിപ്പിന്റെ പൂർണ്ണരൂപം:ഞാൻ ഏപ്രിൽ 25ന് തിരുവനന്തപുരത്തെ ജനങ്ങളുടെ ഇടയിലേക്കെത്തുന്നതിൽ ആകാംഷാഭരിതനാണ്. തിരുവനന്തപുരത്തിനും കാസർഗോഡിനും ഇടയിൽ ഓടുന്ന കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യും. കേരളത്തിലെ 11 ജില്ലകൾ ഇതിൽ ഉൾപ്പെടും. ഇത് ടൂറിസത്തിനും വാണിജ്യത്തിനും ഏറെ ഗുണം ചെയ്യും.