പാലുൽപ്പാദനരംഗത്ത് സ്വയംപര്യാപ്‌തതയിലേക്ക് സംസ്ഥാനം അടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം പാലുൽപ്പാദനരംഗത്ത് സ്വയംപര്യാപ്‌തതയിലേക്ക് സംസ്ഥാനം അടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘റീ പൊസിഷനിങ് മിൽമ’ പദ്ധതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്‌തത കൈവരിക്കാൻ നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. 2021ൽ മൃഗസംരക്ഷണ മേഖലയെ മുന്നിൽക്കണ്ട് 22 ഇന പരിപാടി മുന്നോട്ടുവച്ചു. ക്ഷീരോൽപ്പാദന മേഖലയ്‌ക്കാണ് ഇതിൽ പ്രാധാന്യം. പ്രതിദിന പാലുൽപ്പാദനംവർധിപ്പിക്കാൻ ക്ഷീരസംഘങ്ങളെ പണം നൽകി പ്രോത്സാഹിപ്പിക്കുന്നു. കാലിത്തീറ്റയുടെ ലഭ്യത ഉറപ്പാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.2016ൽ 16 ലക്ഷം ലിറ്റർ പ്രതിദിന സംഭരണം നടത്തിയിരുന്ന ക്ഷീരസംഘങ്ങൾ 21 ലക്ഷം ലിറ്ററിലധികം പാലാണ് ഇപ്പോൾ സംഭരിക്കുന്നത്. മിൽമയുടെ പ്രതിദിന സംഭരണം 52,000 ലിറ്ററിൽനിന്ന് 14 ലക്ഷമായും ഉയർന്നു. ദേശീയ ശരാശരിയേക്കാൾ ഇരട്ടിയാണ് സംസ്ഥാനത്തെ പ്രതിദിന പാൽ സംഭരണം. ദേശീയ ശരാശരി 6.4 ശതമാനമാണ്. സംസ്ഥാനത്ത് ഇത് 12.5 ശതമാനവും. കർഷകരുടെ എണ്ണത്തിലും വർധനയുണ്ടായി. കഴിഞ്ഞ സാമ്പത്തികവർഷം 130 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങളിലൂടെ ക്ഷീരമേഖലയ്‌ക്കായി ചെലവഴിച്ചത്. ക്ഷീരസംഘങ്ങൾവഴി ഗ്രാമീണമേഖലയിലെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടുന്നു. അവയെ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുകയാണ് ലക്ഷ്യം.ക്ഷീരോൽപ്പന്ന വിപണിയിൽ മിൽമയുടെ ഇടപെടൽ കൂടുതൽ സജീവമാക്കി അന്താരാഷ്ട്ര ബ്രാൻഡുകളുമായി കിടപിടിക്കാനാണ് ഒരുങ്ങുന്നത്. പാക്കിങ്, ഡിസൈനിങ് എന്നിവയിൽ മാറ്റംവരുത്തി മിൽമ ഉൽപ്പന്നങ്ങളെ ഏകീകൃതരൂപത്തിൽ വിപണിയിൽ എത്തിക്കും. ഉൽപ്പന്ന വൈവിധ്യവൽക്കരണവും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണവും മുന്നോട്ടുകൊണ്ടുപോകും. ഇതിന്റെ ഗുണഫലം ക്ഷീരകർഷകർക്കും ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.