രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ച് കേന്ദ്രസർക്കാർ. ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഇന്ന് രാവിലെ ആറ് മണി മുതൽ പ്രാബല്യത്തിലായി. ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി ഏതാനും ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് ഇന്ധനവില കുറച്ചിരിക്കുന്നത്. ആഗോള തലത്തിൽ എണ്ണ പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യയിൽ പെട്രോൾ വില 4.65 ശതമാനമാണ് കുറഞ്ഞിട്ടുള്ളത്.പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് രണ്ട് രൂപ കുറച്ചതിലൂടെ ജനങ്ങളുടെ കുടുംബത്തിന്റെ ക്ഷേമവും സൗകര്യവുമാണ് തൻ്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി എക്സ് പോസ്റ്റിൽ കുറിച്ചു. അതേസമയം, കഴിഞ്ഞയാഴ്ച ഗാർഹിക പാചക സിലിണ്ടറിന് 100 രൂപ കുറച്ചിരുന്നു. വനിതാ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.