അന്യമതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് മകനെ പിതാവ് വെട്ടിക്കൊന്നു
അന്യമതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് മകനെ പിതാവ് വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലെ ഗ്രാമത്തില്‍ ഇന്ന് രാവിലെയാണ് ദുരഭിമാനകൊല അരങ്ങേറിയത്. കൃഷ്ണഗിരി ജില്ലക്കാരനായ സുഭാഷ് (25), അമ്മ കണ്ണമ്മാള്‍ (65) എന്നിവരാണ് മരിച്ചത്.പ്രതി ദണ്ഡപാണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുഭാഷിന്റെ ഭാര്യ ഗുരുതരപരുക്കുകളോടെ ചികില്‍സയിലാണ്. മൂന്നു മാസം മുന്‍പാണ് സുഭാഷ്, മറ്റൊരു മതത്തില്‍പ്പെട്ട യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. അന്നുമുതല്‍ തന്നെ ദണ്ഡപാണി സുഭാഷുമായി തര്‍ക്കത്തിലായിരുന്നു. വീടുവിട്ട സുഭാഷും ഭാര്യയും മറ്റൊരിടത്തായിരുന്നു താമസം. ഇന്നലെ രാത്രിയാണ് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയത്.പിതാവിന്റെ എതിര്‍പ്പ് വകവയ്ക്കാതെ ഇരുവരും രാത്രി അവിടെ തങ്ങി. പിന്നീട് പുലര്‍ച്ചെ ഉറങ്ങിക്കിടക്കുകയായിരുന്ന സുഭാഷിനെ ദണ്ഡപാണി കത്തികൊണ്ട് വെട്ടുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തി തടയാന്‍ ശ്രമിച്ച കണ്ണമ്മാളിനെയും ഇയാള്‍ വെട്ടി. ഇരുവരും തല്‍ക്ഷണം മരിച്ചു.സുഭാഷിനൊപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും വെട്ടേറ്റു. ഇവര്‍ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ബഹളം കേട്ട് ഓടിക്കൂടിയ അയല്‍വാസികളാണ് ഇവരെ ആശുപത്രിയിലേക്കു മാറ്റിയത്.