മെഹുല്‍ ചോക്‌സി ഉള്‍പ്പടെ 50 വമ്പന്മാര്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് 92,570 കോടി

Spread the love

ന്യൂഡല്‍ഹി: മെഹുല്‍ ചോക്‌സിയടക്കമുള്ള പ്രമുഖര്‍ ബോധപൂര്‍വം ബാങ്കുകള്‍ക്ക് ബാധ്യത വരുത്തിയത് 92,570 കോടി രൂപ. ധനകാര്യ സഹമന്ത്രി ഭഗവത് കരാഡ് ആണ് വായ്പ തിരിച്ചടയ്ക്കാത്ത 50 പ്രമുഖര്‍ ആരൊക്കെയാണെന്ന് ലോക്‌സഭയെ അറിയിച്ചത്. വജ്ര വ്യാപാരിയായ മെഹുല്‍ ചോക്‌സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ജെംസ് 7,848 കോടി രൂപയാണ് തിരിച്ചടയ്ക്കാനുള്ളത്. എറ ഇന്‍ഫ്രയ്ക്കാണ് പട്ടികയില്‍ രണ്ടാം സ്ഥാനം. 5,879 കോടി രൂപയാണ് കമ്പനി തിരിച്ചയ്ക്കാനുള്ളത്. റീഗോ അഗ്രോ(4803 കോടി) തൊട്ടുപിന്നിലുണ്ട്.ആസ്തികളുണ്ടായിട്ടും ബോധപൂര്‍വം വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയ പ്രമുഖരുടെ പട്ടികയാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് മന്ത്രി ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്. 2022 മാര്‍ച്ച് 31വരെയുള്ള കണക്കാണിത്.കോണ്‍കാസ്റ്റ് സ്റ്റീല്‍ ആന്‍ഡ് പവര്‍(4,596 കോടി), എബിജി ഷിപ്പിയാഡ്(3,708 കോടി), ഫ്രോസ്റ്റ് ഇന്റര്‍നാഷണല്‍(3,311 കോടി), വിന്‍സം ഡയമണ്ട്‌സ് ആന്‍ഡ് ജുവല്ലറി(2,931 കോടി), റോട്ടോമാക് ഗ്ലോബല്‍ (2,893 കോടി), കോസ്റ്റല്‍ പ്രൊജക്ട്‌സ് (2,311 കോടി), സൂം ഡെവലപ്പേഴ്‌സ് (2,147 കോടി) എന്നിങ്ങനെയാണ് പട്ടിക നീളുന്നത്.പൊതു മേഖലയിലെ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തിയില്‍ മൂന്നു ലക്ഷം കോടിയിലധികം കുറവുണ്ടായി. ഇപ്പോഴത്തെ മൊത്തം നിഷ്‌ക്രിയ ആസ്തി 5.41 ലക്ഷം കോടി രൂപയാണ്.ബാങ്കുകള്‍ 10.1 ലക്ഷം കോടി രൂപ എഴുതിത്തള്ളിയതായും മന്ത്രി പറഞ്ഞു. രണ്ട് ലക്ഷം കോടി രൂപയാണ് എസ്ബിഐ എഴുതിത്തള്ളിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക് 67,214 കോടിയും സ്വകാര്യ മേഖലയിലെ ഐസിഐസിഐ ബാങ്ക് 50,514 കോടി രൂപയും എച്ച്ഡിഎഫ്‌സി 34,782 കോടി രൂപയും എഴുതിത്തള്ളി.

Leave a Reply

Your email address will not be published. Required fields are marked *