ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാര്‍ ബിജെപി അനുകൂല പ്രസ്താവനകൾ തുടർച്ചയായി നടത്തുന്നത് ഗൗവരമായി കാണണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

Spread the love

കാസര്‍കോട്: ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാര്‍ ബിജെപി അനുകൂല പ്രസ്താവനകള്‍ തുടര്‍ച്ചയായി നടത്തുന്നത് ഗൗരവമായി കാണണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പ്രസ്താവനകളുടെ അടിസ്ഥാനമെന്തെന്ന് ഗൗരവമായി ചിന്തിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തീഡ്രല്‍ സന്ദര്‍ശിക്കുന്നു, പ്രധാനമന്ത്രിമാരുടെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യമാണ്. പല രീതിയിലുള്ള ആക്രമണമാണ് ക്രിസ്ത്യന്‍ ജനവിഭാഗത്തിനു നേരെ നടക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ക്രിസ്തീയ സംഘടനകള്‍ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇതില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല. മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.ന്യൂനപക്ഷ ജനവിഭാഗങ്ങളെ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ച സംഘപരിവാര്‍ അവരെ കൂടെനിര്‍ത്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം പരിഹാസ്യമാണെന്ന് സിപിഎം പ്രസ്താവനയില്‍ പറഞ്ഞിരുന്നു. സംഘപരിവാറിന്റെ രാഷ്ട്രീയ നിലപാടുകള്‍ ആപല്‍കരമാണെന്ന് തിരിച്ചറിഞ്ഞ് ക്രിസ്ത്യന്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ തന്നെ പ്രക്ഷോഭരംഗത്തിറങ്ങിയിട്ട് ദിവസങ്ങളായിട്ടേയുള്ളൂ.പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ നേതാക്കളെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാന്‍ സംഘപരിവാര്‍ ഉപയോഗിച്ച ഭീഷണിയും പ്രലോഭനവും ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളോടും ആരംഭിച്ചിരിക്കുകയാണ്. അരമനകള്‍ തോറുമുള്ള ബിജെപി നേതാക്കളുടെ യാത്രകള്‍ ഇതിന് അടിവരയിടുന്നതാണ്. ശക്തമായ മതനിരപേക്ഷ കാഴ്ചപ്പാടുള്ള കേരള ജനത ഈ നാടകങ്ങളെ അവജ്ഞയോടെ തള്ളിക്കളയുമെന്നും പ്രസ്താവനയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *