ലോകത്തെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു

Spread the love

കുരിശിലേറിയ യേശു ക്രിസ്തു മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ ദിവസമായാണ് ലോകത്തെമ്പാടുമുള്ള ക്രൈസ്‌തവ വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആചരിക്കുന്നത്. ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ഈ‍ ദിവസം സുപ്രധാന പുണ്യദിനമായി ആഘോഷിക്കുന്നു. തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും, വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നും ആണ് ഈസ്റ്റർ മുന്നോട്ട് വെയ്ക്കുന്ന പാഠങ്ങൾ.51 ദിവസത്തെ നോമ്പാചരണത്തിൻ്റെ വിശുദ്ധിയോടെ ഈ ദിനത്തിൽ ദേവാലയങ്ങളിൽ ശുശ്രൂഷകൾ, ദിവ്യബലി, കുര്‍ബാന, തിരുകര്‍മ്മങ്ങള്‍ എന്നിവ നടത്തും. ഈസ്റ്റർ ദിനാചരണത്തിന് പിന്നിൽ പല ചരിത്രങ്ങളുണ്ട്. നൂറ്റാണ്ടുകൾ കഴിഞ്ഞും, വിശുദ്ധിയോടെ നില നിൽക്കുന്ന ആ ചരിത്രമെന്തെന്ന് നോക്കാം.റോമിലെ ക്രിസ്ത്യാനികൾ ആദ്യ നൂറ്റാണ്ടിൽ ആനന്ദത്തിന്റെ ഞായർ എന്നായിരുന്നു ഈ ദിവസത്തെ വിളിച്ചിരുന്നത്. ക്രൈസ്തവ വിശ്വാസത്തിലെ ഉയർത്തെഴുന്നേൽപ്പിനെ അനുസ്മരിക്കുന്ന ഈ ദിവസത്തിൽ ആദിമ പൗരസ്ത്യ സഭകളിലെ വിശ്വാസികൾ ഒരു വിശ്വാസ പ്രഖ്യാപനത്തിലൂടെയാണ്, പരസ്പരം ഉപചാരം കൈമാറിയിരുന്നത്. ‘ക്രിസ്തു ഉയിർത്തെഴുന്നേറ്റു’ എന്നൊരാൾ പറയുമ്പോൾ ‘സത്യം സത്യമായ് അവിടുന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു’ എന്ന് മറ്റേയാൾ മറുപടി നൽകുന്നതായിരുന്നു രീതി. ശേഷമുള്ള ആദ്യ മൂന്ന് നൂറ്റാണ്ടുകളിൽ പാസ്ക്ക (Pascha) എന്ന പേരിലാണ് ഈസ്റ്റർ ആചരിച്ചിരുന്നത്. യഹൂദരുടെ പെസഹാ ആചരണത്തിൽ നിന്നാണ് പാസ്ക്ക എന്ന പദം രൂപം കൊണ്ടത്. പീഡാനുഭവും മരണവും ഉയിർപ്പും ചേർന്ന ഒരു സമഗ്ര ആഘോഷമായിരുന്നു ഈ പാസ്‌ക പെരുന്നാൾ.നാലാം നൂറ്റാണ്ടു മുതൽ ദുഃഖവെള്ളി വേറിട്ട രീതിയിൽ ആഘോഷിച്ച് തുടങ്ങി. ഇംഗ്ലണ്ടിലെ ആംഗ്ലോ-സാക്സോണിയന്മാർ ഈയോസ്റ്ററേ എന്ന ദേവതയെ ആരാധിച്ചിരുന്നതിനാൽ ഈയോസ്റ്ററേ ദേവതയുടെ പ്രീതിക്കായുള്ള യാഗങ്ങൾ ഏറെയും നടന്നിരുന്ന മാസത്തെ ഈസ്റ്റർ മാസം എന്നറിയപ്പെട്ടിരുന്നു. തുടർന്ന്, ക്രിസ്തുമതം അവിടെ പ്രചരിച്ചതോടെ ഈസ്റ്റർ മാസത്തിൽ തന്നെ ആചരിച്ചിരുന്ന ക്രിസ്തുവിന്റെ പുനരുത്ഥാനപ്പെരുന്നാളിനെ ഈസ്റ്റർ എന്നു വിളിച്ചു തുടങ്ങുകയും പിന്നീടത് സാർവത്രിക പ്രചാരം നേടുകയുമായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. കൂടാതെ, സുറിയാനി പാരമ്പര്യത്തിലുള്ള സഭകൾക്കിടയിൽ ഇപ്പോഴും ഈസ്റ്ററിനെ ഉയിർപ്പ് പെരുന്നാൾ എന്നർത്ഥമുള്ള ക്യംതാ പെരുന്നാൾ എന്ന് വിളിക്കുന്ന പഴയ പതിവും നില നിൽക്കുന്നുണ്ട്.എല്ലാ വർഷവും ഡിസംബർ ‍25-ന് ആഘോഷിക്കുന്ന ക്രിസ്തുമസിൽ നിന്നും വ്യത്യസ്തമായി ഈസ്റ്ററിന് സ്ഥിരമായ തീയതി ഇല്ല. ഒരോ വർഷവും വ്യത്യസ്ത തീയതികളിലാണ് ഈസ്റ്ററും അതിനോടനുബന്ധിച്ച പീഡാനുഭവ വാരവും ആചരിക്കുന്നത്. കേരളത്തിലെ കൽദായ സുറിയാനി സഭയടക്കം, ഏകദേശം 20 കോടി ക്രൈസ്തവർ ഇപ്പോഴും ജൂലിയൻ കലണ്ടർ അനുസരിച്ചാണ് ഈസ്റ്റർ തീയതി നിശ്ചയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *