പാകിസ്ഥാനിൽ കനത്ത സാമ്പത്തിക പ്രതിസന്ധി :ചൈന തങ്ങളുടെ പാകിസ്ഥാനിലെ എംബസി വിഭാഗം അടച്ചു പൂട്ടി
ഇസ്ലാമാബാദ്: കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന പാകിസ്ഥാനില്‍ നയതന്ത്ര തലത്തില്‍ പുതിയ നടപടി സ്വീകരിച്ച് ചൈന. രാജ്യത്തെ തങ്ങളുടെ എംബസിയുടെ ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചതായി ചൈന അറിയിച്ചു. എംബസിയുടെ കോണ്‍സുലര്‍ വിഭാഗത്തിനാണ് ചൈന പൂട്ടിട്ടത്.പാകിസ്ഥാനിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യത്തുള്ള നയതന്ത്ര പ്രിതിനിധികള്‍ക്കും പൗരന്മാര്‍ക്കും കര്‍ശന സുരക്ഷാ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ചൈനയുടെ പുതിയ നീക്കമുണ്ടായത്. പഠന, വിനോദ, വ്യാപാര യാത്രകള്‍, വീസ അനുവദിക്കല്‍ തുടങ്ങിയവ നിയന്ത്രിക്കുന്ന എംബസി വിഭാഗമാണ് ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നത് വരെ അടഞ്ഞുകിടക്കുമെന്ന് ചൈന വെബ്സൈറ്റ് മുഖാന്തരം അറിയിച്ചത്.സാങ്കേതികമായ തകരാര്‍ മൂലമാണ് എംബസി സെക്ഷന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയത് എന്നാണ് ചൈനയുടെ ഔദ്യോഗിക വിശദീകരണം. ഫെബ്രുവരി 13 മുതല്‍ എംബസി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു എന്ന് അറിയച്ചതല്ലാതെ എന്താണ് ഇതിലേയ്ക്ക് നയിച്ച സാങ്കേതിക പ്രശ്നം എന്ന് ചൈന വ്യക്തമാക്കിയിട്ടില്ല. പാകിസ്ഥാന് നിലവില്‍ സാമ്പത്തിക,സൈനിക സഹായം നല്‍കി വരുന്ന ചുരുക്കം ലോകരാജ്യങ്ങളില്‍ പ്രധാനിയാണ് ചൈന. അതിനാല്‍ നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ ചൈനയുമായുള്ള നയതന്ത്ര ബന്ധത്തിന് എന്തെങ്കിലും തരത്തില്‍ വിള്ളല്‍ വരുത്തുന്നത് പാകിസ്ഥാന് ഒട്ടും അഭികാമ്യമല്ല. പ്രത്യേകിച്ച് 65 ബില്ല്യണ്‍ യുഎസ് ഡോളറിന്റെ മുതല്‍മുടക്ക് വരുന്ന ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിസി) നടപ്പിലാക്കുമെന്ന പ്രഖ്യാപനം നിലനില്‍ക്കേ.പാകിസ്ഥാനെ ചൈനയുമായി റോഡ് -റെയില്‍-വ്യോമ മാര്‍ഗങ്ങളില്‍ ബന്ധിപ്പിക്കുന്ന പദ്ധതി വഴി പാകിസ്ഥാന് സാമ്പത്തിക അഭിവൃദ്ധിയും ചൈനയ്ക്ക് ഇന്ത്യയുടെ മേല്‍ സൈനിക മുന്‍തൂക്കവും ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ചൈനയുമായി നിരവധി സാമ്പത്തിക,സൈനിക കരാറുകളിലേര്‍പ്പെട്ട ശ്രീലങ്കയ്ക്ക് സമാനമായി കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്ഥാന്‍ നിലവില്‍ കടന്നു പോകുന്നത്.അതിനിടയില്‍ പാകിസ്ഥാന്‍ താലിബാന്റെ നേതൃത്വത്തിലുള്ള കനത്ത ഭീകരാക്രമണങ്ങളും തുടര്‍ക്കഥയാണ്. കൂടാതെ സിപിസി യുടെ പ്രവര്‍ത്തനത്തിനായി എത്തിയ ചൈനീസ് പൗരന്മാരെയും പാകിസ്ഥാനി താലിബാന്‍ ലക്ഷ്യം വെയ്ക്കുന്നതായാണ് വിവരം. മൂന്ന് ചൈനീസ് അദ്ധ്യാപകര്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവവും കഴിഞ്ഞ ഏപ്രിലില്‍ പാകിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.