റഷ്യക്ക് സമീപം രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിക്കാൻ ഉത്തരവിട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു
മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവിന്റെ ‘ഡെഡ് ഹാൻഡ്’ ഭീഷണിക്ക് പിന്നാലെ റഷ്യക്ക് സമീപം രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിക്കാൻ ഉത്തരവിട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ സൈനിക പ്രോട്ടോക്കോൾ അനുസരിച്ച് അന്തർവാഹിനികൾ എവിടെയാണ് വിന്യസിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.റഷ്യയുടെ മുൻ പ്രസിഡന്റ്, ഇപ്പോൾ റഷ്യൻ ഫെഡറേഷന്റെ സുരക്ഷാ കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാനായ ദിമിത്രി മെദ്‌വദേവിന്റെ വളരെ പ്രകോപനപരമായ പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ, രണ്ട് ആണവ അന്തർവാഹിനികൾ ഉചിതമായ പ്രദേശങ്ങളിൽ സ്ഥാപിക്കാൻ ഞാൻ ഉത്തരവിട്ടു’ എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസങ്ങളിലായി ട്രംപും മെദ്‌വദേവും തമ്മിൽ സോഷ്യൽ മീഡിയയിലൂടെ പോരാട്ടം നടത്തുകയായിരുന്നു. ഓഗസ്റ്റ് 8-നകം യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് പുടിന് പുതിയ സമയപരിധി നിശ്ചയിച്ചതിന് പിന്നാലെയാണ് പോരാട്ടം തുടങ്ങിയത്. പുടിൻ 50 ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയുടെ എണ്ണയ്ക്കും മറ്റ് കയറ്റുമതികൾക്കും നേരെ കടുത്ത തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിപ്പ് നൽകിയിരുന്നു.പിന്നാലെ ട്രംപ് റഷ്യയുമായി അന്ത്യശാസനം കളിക്കുകയാണെന്നും ഓരോ പുതിയ അന്ത്യശാസനവും ഒരു ഭീഷണിയും യുദ്ധത്തിലേക്കുള്ള ഒരു ചുവടുവയ്പ്പുമാണ് എന്ന് മെദ്‌വദേവ് എക്സ് പോസ്റ്റിൽ കുറിച്ചു. ട്രംപിന്റെ അന്ത്യശാസനത്തെ “നാടകീയമായത്” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, “റഷ്യ അത് കാര്യമാക്കിയില്ല” എന്നും പറഞ്ഞു.വ്യാഴാഴ്ച ടെലഗ്രാമിലൂടെ ഒരു “ഡെഡ് ഹാൻഡ്” ഭീഷണിയെക്കുറിച്ചും മെദ്‌വദേവ് മുന്നറിയിപ്പ് നൽകി. എന്നാൽ ‘താൻ ഇപ്പോഴും പ്രസിഡന്റാണെന്ന് കരുതുന്ന റഷ്യയുടെ പരാജയപ്പെട്ട മുൻ പ്രസിഡന്റ്’ എന്നാണ് ട്രംപ് മെദ്‌വദേവിനെ വിശേഷിപ്പിച്ചത്.