അബ്ദുള്‍ റഹീം കേസിൽ ഇന്നും വിധിയുണ്ടായില്ല; സൗദി കോടതി വീണ്ടും മാറ്റിവെച്ചു

Spread the love

അബ്ദുള്‍ റഹീം കേസ് സൗദി അറേബ്യയിലെ കോടതി വീണ്ടും മാറ്റിവെച്ചു. ഇന്നും വിധിയുണ്ടായില്ല. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 19 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തിലാണ് ഇന്നും തീര്‍പ്പുണ്ടാകാതിരുന്നത്. കേസിന്റെ അടുത്ത സിറ്റിങ് മെയ് അഞ്ചിന് നടക്കും.

പതിനൊന്നാം തവണയാണ് റിയാദിലെ ക്രിമിനല്‍ കോടതി കേസ് മാറ്റിവെക്കുന്നത്. തിങ്കളാഴ്ച രാവിലെ 8:30ന് സിറ്റിങ് ആരംഭിച്ചെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. പതിവുപോലെ ജയിലില്‍നിന്ന് അബ്ദുൾ റഹീമും അഭിഭാഷകരും ഓണ്‍ലൈനിലൂടെ കോടതി നടപടിയില്‍ പങ്കെടുത്തു.

2006 ഡിസംബറിലാണ് സൗദി ബാലന്‍ അനസ് അല്‍ ശഹ്രിയുടെ മരണവുമായി ബന്ധപ്പെട്ട് അറബി വീട്ടില്‍ ഡ്രൈവര്‍ ആയിരുന്ന അബ്ദുൾ റഹീം ജയിലില്‍ ആകുന്നത്. റഹീമിന്റെ മോചനത്തിനായി റിയാദില്‍ നിയമ സഹായ സമിതിക്ക് രൂപം നല്‍കുകയും ദിയാധനം നല്‍കാനായി കേരളത്തിൽ നിന്നടക്കം 34 കോടി രൂപ സ്വരൂപിക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട ബാലന്റെ കുടുംബത്തിന് ദിയാധനം നല്‍കിയതിനെ തുടര്‍ന്ന് കുടുംബം മാപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് റഹീമിന്റെ മോചനത്തിനായുള്ള കോടതി നടപടികള്‍ ആരംഭിച്ചത്.

ജൂലായ് രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. ഇനി കോടതിയാണ് ജയിൽ മോചനം തീരുമാനിക്കേണ്ടത്. പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റിവച്ചത്. കേസ് നീളുന്നതുമായി ബന്ധപ്പെട്ട് റഹീമിന്റെ അഭിഭാഷകന്‍ കഴിഞ്ഞ മാസം ഗവര്‍ണറെ കണ്ടിരുന്നു. മോചനം വൈകുന്നതിനാല്‍ ജാമ്യാപേക്ഷ നല്‍കിയതായി റഹീമിന്റെ അഭിഭാഷക ഡോ റെന അന്ന് അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *