തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുവയസ്സുകാരൻ ഉൾപ്പടെ രണ്ടുപേർക്ക് പരിക്കേറ്റു
ഹരിപ്പാട്: തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുവയസ്സുകാരൻ ഉൾപ്പടെ രണ്ടുപേർക്ക് പരിക്കേറ്റു. ഹരിപ്പാട് വെട്ടുവേനി സൗപർണികയിൽ ബിനു-ശ്രുതി ദമ്പതികളുടെ മകൻ ആദികേഷ് (5), വെട്ടുവേനി ആലുംമൂട്ടിൽ തെക്കതിൽ രാജശ്രീ (44) എന്നിവർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.ബുധനാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ആദികേഷിന്റെ ഇടത്തെ കയ്യിലും നടുവിനും ആണ് കടിയേറ്റത്. വീടിനു സമീപം മീൻ വെട്ടുകയായിരുന്ന രാജശ്രീയുടെ തുടയ്ക്കാണ് കടിയേറ്റത്.പരിക്കേറ്റ ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അതേസമയം ആക്രമണത്തിന് ശേഷം തെരുവിലെ മറ്റു നായകളെയും വളർത്തു നായകളെയും കടിച്ച നായ പിന്നീട് ചത്തു.