ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ അന്തരിച്ചു
കൊച്ചി: ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ (63) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരള ഹൈക്കോടതിയില്‍ 12 വര്‍ഷത്തിലേറെ ജഡ്ജിയായിരുന്ന ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയാണു വിരമിച്ചത്. ഛത്തീസ്ഗഡ്, തെലങ്കാന/ആന്ധ്ര ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസും, തെലങ്കാനയ്ക്കു പ്രത്യേക ഹൈക്കോടതി രൂപീകരിച്ചപ്പോള്‍ ആദ്യ ചീഫ് ജസ്റ്റിസും ആയിരുന്നു.1983ല്‍ അഭിഭാഷകനായി. 2004 ഒക്ടോബര്‍ 14ന് കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി. രണ്ടു തവണ ആക്ടിങ് ചീഫ് ജസ്റ്റിസായി. കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയര്‍മാനായിരുന്നു. ന്യായാധിപനെന്ന നിലയില്‍ പൗരാവകാശങ്ങളും അടിസ്ഥാന ജനകീയപ്രശ്‌നങ്ങളും ഉള്‍പ്പെട്ട വിഷയങ്ങളില്‍ നേരിട്ട് ഇടപെട്ടിരുന്നു. സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിലും മുതിര്‍ന്ന പൗരന്മാരുടെ പ്രശ്‌നങ്ങളിലും ദേവസ്വം വിഷയങ്ങളിലും ശ്രദ്ധേയ ഇടപെടല്‍ നടത്തി. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷനെതിരെ നടത്തിയ വിമര്‍ശനം ചര്‍ച്ചയായിരുന്നു.