രാഹുലിനെതിരായ കോടതിവിധിയിൽ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്
രാഹുലിനെതിരായ കോടതി വിധിക്കെതിരെ പാർലമെന്റിൽ എംപിമാരുടെ പ്രതിഷേധം. നിരോധനാജ്ഞ ലംഘിച്ച് പ്രതിപക്ഷം. എംപിമാരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി. ജനാധിപത്യം അപകടത്തിൽ എന്ന ബാനറുമായി ആണ് പ്രകടനം നടത്തിയത്. മുതിർന്ന നേതാക്കൾ മുൻപന്തിയിൽ പ്രതിഷേധ പ്രകടനത്തിന്റെ മുൻപന്തിയിലുണ്ടായിരുന്നു.രാഹുല്‍ ഗാന്ധിക്കെതിരായ ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നടപടികളില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കെപിസിസിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 27 തിങ്കളാഴ്ച രാവിലെ 11ന് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി, പ്രതിപക്ഷനേതാവ് വിഡി സതീശന്‍, എംപിമാര്‍, എംഎല്‍എമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി നേതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.അതേസമയം, കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ച സൂറത്ത് കോടതി വിധിക്കെതിരെ കോൺഗ്രസ് അപ്പീൽ നൽകും. നിയമ പോരാട്ടത്തിനായി അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിന്റേത് ഒറ്റപ്പെട്ട സംഭവമല്ല, എന്നും പ്രതിപക്ഷ നേതാക്കളെ ഒന്നടങ്കം വേട്ടയാടുകയാണെന്നും കെ സി വേണുഗോപാൽ വിമര്‍ശിച്ചു.