കൊല്ലം കോടതി സമുച്ചയ നിർമ്മാണത്തിന് 78 കോടി അനുവദിച്ചു
തിരുവനന്തപുരംകൊല്ലം കോടതി സമുച്ചയ നിർമ്മാണത്തിന് 78.20 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജില്ലയിലെ ജനങ്ങളുടെയും അഭിഭാഷകരുടെയും ചിരകാല സ്വപ്നമാണ് സാക്ഷാത്‌കരിക്കുന്നത്. തുക അനുവദിച്ചതിനാൽ ടെൻഡർ നടപടി കഴിഞ്ഞാലുടൻ നിർമ്മാണത്തിലേക്ക് കടക്കാനാകും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുതന്നെ കലക്ടറേറ്റിനു സമീപം എൻജിഒ ക്വാർട്ടേഴ്‌സിന്റെ ഭാഗമായ രണ്ടര ഏക്കർ ഭൂമി കോടതി സമുച്ചയം നിർമിക്കാൻ ജുഡീഷ്യറി വകുപ്പിന് കൈമാറിയിരുന്നു. ഇവിടെ 1,65,306 ചരുരശ്ര അടി വിസ്തൃതിയിൽ നാലു നിലകളിലായാണ് സമുച്ചയം ഒരുങ്ങുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ സിവിൽ സ്റ്റേഷനിൽനിന്ന് 17 കോടതികളും 25 ലേറെ അനുബന്ധ ഓഫീസുകളും ഇവിടേക്ക് മാറും. സിവിൽ സ്‌റ്റേഷനിലെ സ്ഥലപരിമിതി ബുദ്ധിമുട്ടുകളും ഒഴിവാകും. 25,765 ചതുരശ്ര അടിയിൽ കോർട്ട് ഹാൾ, 11,115 ചതുരശ്ര അടിയിൽ ചേമ്പർ ഏരിയ, 7370ചതുരശ്ര അടിയിൽ കോടതികളിൽ എത്തുന്നവർക്കായി വെയിറ്റിങ് എരിയ, 46,000 ചതുരശ്ര അടിയിൽ ഓഫീസ് ഹാൾ എന്നിവയാണ് നിർമ്മിക്കുന്നത്.