രേഖകളില്ലാതെ ബസിൽ കടത്തുകയായിരുന്ന 30 ലക്ഷവുമായി മഹാരാഷ്ട്ര സ്വന്തംദേശി അറസ്റ്റിൽ
പാലക്കാട്: രേഖകളില്ലാതെ ബസിൽ കടത്തുകയായിരുന്ന 30 ലക്ഷവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ. ഗുംഗൂർ സ്വദേശി ശിവാജിയാണ്(28) പിടിയിലായത്.കോയമ്പത്തൂരിൽ നിന്ന് പാലക്കാടേക്കുള്ള തമിഴ്നാട് ആർ.ടി.സി ബസിൽ നിന്നാണ് ഇയാൾ പിടിയിലായത്. വാളയാർ അതിർത്തിയിൽ എക്സൈസിന്റെ പതിവ് വാഹനപരിശോധനക്കിടെ സംശയം തോന്നിയ ഇയാളെ പരിശോധിക്കുകയായിരുന്നു.പണത്തിനൊപ്പം ശിവാജിയെയും വാളയാർ പൊലീസിന് കൈമാറി. പതിവ് കടത്തുകാരനാണോ, ബന്ധമുള്ളവർ ആരൊക്കെ എന്നീ കാര്യങ്ങളിൽ കൂടുതൽ അന്വേഷണമുണ്ടാകുമെന്ന് വാളയാർ പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കും.