സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവില്ലെന്ന പരാമര്‍ശത്തില്‍ ദിഗ് വിജയ് സിംഗിനെ തള്ളി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവില്ലെന്ന പരാമര്‍ശത്തില്‍ ദിഗ് വിജയ് സിംഗിനെ തള്ളി കോണ്‍ഗ്രസ്. പരാമര്‍ശം വ്യക്തിപരമാണെന്നും രാജ്യതാല്‍പര്യത്തിനുള്ള സേനാ നടപടികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസെന്നും പാര്‍ട്ടി വക്താവ് ജയറാം രമേശ് വ്യക്തമാക്കി. ജമ്മുകശ്മീരില്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സംസാരിക്കവേയാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവില്ലെന്ന പരാമര്‍ശം ദിഗ് വിജയ് സിംഗ് നടത്തിയത്. ഇതിനെതിരെ ബിജെപി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. രാജ്യസുരക്ഷക്കെതിരായ പ്രസ്താവനകള്‍ വച്ച് പൊറുപ്പിക്കില്ലെന്നും, നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നത്‌കോണ്‍ഗ്രസിന്റെ ശീലമായെന്നുമായിരുന്നു ബിജെപി പ്രതികരണം. സംഭവം വിവാദമായതോടെയാണ് പരാമര്‍ശത്തെ തള്ളി കോണ്‍ഗ്രസ് രംഗത്തെത്തിയത്.