ഛത്തീസ്ഗഢില്‍ കാങ്കറിലുണ്ടായ ഏറ്റുമുട്ടലില്‍ 29 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
ന്യൂഡല്‍ഹി: വോട്ടിങ് മെഷീന്റെ വിശ്വാസ്യത ചോദ്യം ചെയ്തുള്ള വാദങ്ങള്‍ ഖണ്ഡിച്ച് സുപ്രീം കോടതി. ഇന്ന് സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദിപാങ്കര്‍ ദത്തയും അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഭൂരിഭാഗം വോട്ടര്‍മാരും വോട്ടിങ് മെഷീനെ വിശ്വസിക്കുന്നില്ലെന്ന വാദത്തിന്, വ്യക്തികളുടെ അഭിപ്രായമല്ല വോട്ടിങ് മെഷീന്റെ വിശ്വാസ്യത തീരുമാനിക്കുന്നതെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി. 100 ശതമാനം വിവിപാറ്റ് എന്ന ആവശ്യം ഉയര്‍ത്തിയുള്ളതായിരുന്നു ഹര്‍ജി.സീനിയര്‍ അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് ഹര്‍ജി ഉന്നയിച്ചത്. സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസ് എന്ന സ്ഥാപനത്തിന്റേതാണ് വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യത സംബന്ധിച്ച റിപ്പോര്‍ട്ട് എന്ന അദ്ദേഹം വാദിച്ചെങ്കിലും, ഇത്തരം സ്വകാര്യ സര്‍വേകളെയൊന്നും വിശ്വസിക്കേണ്ടതില്ലെന്നായിരുന്നു സുപ്രീം കോടതി ബെഞ്ച് പറഞ്ഞത്. സ്വകാര്യ സര്‍വേകളില്‍ ആര്‍ക്കും എന്ത് വേണമെങ്കിലും പറയാമെന്നും ജസ്റ്റിസ് ഖന്ന ചൂണ്ടിക്കാട്ടി.ഇവിഎം അല്ലെങ്കില്‍ മറ്റെന്താണ് പോംവഴിയെന്ന് സുപ്രീം കോടതി ചോദിച്ചപ്പോള്‍ ബാലറ്റ് പേപ്പര്‍ എന്ന് പ്രശാന്ത് ഭൂഷണ്‍ മറുപടി നല്‍കി. അത് മുന്‍പും ഉപയോഗിച്ചിട്ടുണ്ടല്ലോയെന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇപ്പോഴും ബാലറ്റ് പേപ്പറാണെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. എത്രയാണ് ജര്‍മ്മനിയിലെ ജനസംഖ്യയെന്നായിരുന്നു ജസ്റ്റിസ് ഖന്നയുടെ മറുചോദ്യം. ആറ് കോടിയെന്ന് പ്രശാന്ത് ഭൂഷണ്‍ മറുപടിയും നല്‍കി.പിന്നീട് മറ്റൊരു കക്ഷിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനോട് സുപ്രീം കോടതി ഒന്നുകൂടി ഇക്കാര്യം വിശദീകരിച്ച് പറഞ്ഞു. തെരഞ്ഞെടുപ്പ് നടത്തിപ്പ് വലിയ നടപടിക്രമമാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഒന്നിനും ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് നടത്താനാവില്ല. പശ്ചിമ ബംഗാളില്‍ മാത്രം ജര്‍മ്മനിയിലേക്കാള്‍ വോട്ടര്‍മാരുണ്ട്. നമ്മള്‍ക്ക് ആരോടെങ്കിലുമൊക്കെ വിശ്വാസ പ്രശ്‌നമുണ്ടാവാം. പക്ഷെ സംവിധാനത്തെയാകെ ഇങ്ങനെ താഴ്ത്തിക്കെട്ടരുത് എന്നും ജസ്റ്റിസ് സഞ്ജീവ് ദത്ത വ്യക്തമാക്കി.പിന്നീട് ജസ്റ്റിസ് ഖന്ന ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിയ കാലത്ത് എന്താണ് സംഭവിച്ചതെന്ന് ഓര്‍മ്മിപ്പിച്ചു. എന്താണ് അക്കാലത്ത് സംഭവിച്ചതെന്ന് നമ്മളെല്ലാം കണ്ടതല്ലേ? നിങ്ങളൊക്കെ മറന്നുകാണും, ക്ഷമിക്കണം, താനത് മറന്നിട്ടില്ലെന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു. ബൂത്ത് പിടിത്തത്തെയാണോ ജസ്റ്റിസ് പരാമര്‍ശിച്ചതെന്ന് പ്രശാന്ത് ഭൂഷണ്‍ സംശയിച്ചു. അത് മാത്രമല്ലെന്ന് പറഞ്ഞ ജസ്റ്റിസ് ഖന്ന പക്ഷ വാദപ്രതിവാദത്തിലേക്ക് പോകാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കി പിന്മാറുകയായിരുന്നു.ഇവിഎം നിര്‍മ്മിക്കുന്നത് പൊതുമേഖലാ സ്ഥാപനമാണെന്നും, ഇവിടെ ഇതിനായി നിയോഗിക്കപ്പെട്ട സാങ്കേതിക വിഭാഗം ജീവനക്കാരനെ വിശ്വസിക്കാനാവില്ലെന്നും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന മറ്റൊരാള്‍ വാദിച്ചു. സ്വകാര്യ മേഖലയിലുള്ളവര്‍ ചെയ്താല്‍ മതിയോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. സ്വകാര്യ മേഖലയിലാണ് ഇവിഎം നിര്‍മ്മിക്കുന്നതെങ്കില്‍ അത് പാടില്ലെന്ന് ആവശ്യപ്പെട്ട് നിങ്ങള്‍ ഇങ്ങോട്ട് വരുമായിരുന്നില്ലേയെന്നും ജസ്റ്റിസ് ചോദിച്ചു.ഇവിഎം മെഷീനുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്ന കാലത്തോളം ആ വിവരത്തെ വിശ്വസിക്കണം. ആകെ പോള്‍ ചെയ്ത വോട്ട്, അതിനെടുത്ത നിശ്ചിത സമയം, അല്ലെങ്കില്‍ വര്‍ഷങ്ങള്‍ ഇവ തമ്മിലെ കണക്കുകള്‍ പൊരുത്തപ്പെടുന്നുണ്ടോയെന്ന് പിന്നീട് എപ്പോഴെങ്കിലും പരിശോധിച്ചാല്‍ മതിയല്ലോ. അപ്പോള്‍ എത്ര കണക്കുകളില്‍ തെറ്റുകളുണ്ടെന്നും എത്ര കേസുകളില്‍ സ്ഥാനാര്‍ത്ഥികള്‍ ആവശ്യപ്പെട്ടത് പോലെ പേപ്പര്‍ സ്ലിപ്പുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയെന്നും നോക്കിയാല്‍, ഇവിഎമ്മുകളില്‍ അട്ടിമറി നടക്കുമോയെന്ന് മനസിലാക്കാവുന്നതല്ലേയെന്നും സുപ്രീം കോടതി ചോദിച്ചു. ഇത്തരം വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്നതാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസില്‍ വാദം ഏപ്രില്‍ 18 ന് തുടരും.