വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് മുൻ സിഐ സൈജുവിനെ എറണാകുളത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് സൈജു. വ്യാജരേഖ സമർപ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാനിരിക്കെയാണ് മരണം.ലൈംഗികമായി പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് മലയിൻകീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന എ.വി.സൈജുവിനെതിരെ പൊലീസ് കേസെടുത്തത്. വിവാഹവാഗ്ദാനം നൽകി സൈജു പലതവണ ലൈംഗികമായി ചൂഷണം ചെയ്തെന്നും വധഭീഷണി മുഴക്കിയെന്നുമായിരുന്നു പരാതി. തുടർന്ന് സൈജുവിനോടു ചുമതലയിൽ നിന്നു മാറി നിൽക്കാൻ ഉന്നത ഉദ്യോഗസ്ഥർ നിർദേശിച്ചു. വിദേശത്തായിരുന്ന വനിതാ ഡോക്ടർ 2019ൽ നാട്ടിലെത്തിയ ശേഷം ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നതു സംബന്ധിച്ച് മലയിൻകീഴ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്ന് എസ്ഐയായിരുന്ന സൈജു പരാതി അന്വേഷിക്കുകയും കട ഒഴിപ്പിച്ചു നൽകുകയും ചെയ്തു. ഈ പരിചയം മുതലാക്കിയ സൈജു വിവാഹവാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചു. തുടർന്നു ഭർത്താവ് ബന്ധം ഉപേക്ഷിച്ചു. അതിനുശേഷം സൈജു വീട്ടിൽ വരുന്നത് പതിവാക്കി. കൊല്ലത്ത് ബാങ്കിൽ നിക്ഷേപിച്ചിരുന്ന തുക 2021 ഒക്ടോബറിൽ നിർബന്ധിച്ച് പിൻവലിപ്പിച്ച് പള്ളിച്ചലിലെ ബാങ്കിൽ നിക്ഷേപിച്ചു. ആ തുകയ്ക്ക് നോമിനിയായി സൈജുവിന്റെ പേരു വച്ചു. പല തവണ തന്റെ കയ്യിൽനിന്ന് പണം വാങ്ങി. 2022 ജനുവരി 24ന് വീട്ടിലെത്തി ശാരീരിക ബന്ധത്തിനു നിർബന്ധിച്ചെങ്കിലും താൻ വഴങ്ങിയില്ല. മറ്റൊരു സ്ത്രീയുമായി ബന്ധം നിലനിൽക്കുമ്പോൾ ഇങ്ങനെ തുടരാൻ കഴിയില്ല എന്ന് അറിയിച്ചപ്പോൾ സൈജു ദേഷ്യപ്പെട്ട് മടങ്ങിപ്പോയി. പിന്നീട് ഫോൺ വിളിച്ചെങ്കിലും താൻ എടുത്തില്ല. ഭീഷണി തുടർന്നതോടെ രക്തസമ്മർദം വർധിച്ച് ആശുപത്രിയിലായി. ഭർത്താവ് ഉപേക്ഷിച്ചതോടെ മാനസികമായി തകർന്ന് ഒറ്റയ്ക്കാണ് ജീവിക്കുന്നതെന്നും പരാതിയിൽ പറയുന്നു.