മണിപ്പൂർ കലാപത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Spread the love

ഇംഫാൽ: മണിപ്പൂർ കലാപത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. റിട്ടയേഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘം കലാപത്തെക്കുറിച്ച് അന്വേഷണം നടത്തും.കലാപവുമായി ബന്ധപ്പെട്ട ചില കേസുകൾ സിബിഐക്കു കൈമാറും. പക്ഷപാത രഹിതമായി അന്വേഷണം പൂർത്തിയാക്കുമെന്നും കലാപത്തിനു കാരണക്കാരായവരെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. കലാപത്തിൽ കൊല്ലപ്പെട്ടവർക്ക് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നൽകുമെന്നും അമിത് ഷാ പറഞ്ഞു. സമാധാന ശ്രമങ്ങൾ‌ക്കായി ഗവർണറുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും.അതേ സമയം മണിപ്പൂരിലെ ബിഷ്ണുപുർ ജില്ലയിൽ കുകി അക്രമികളുമായുണ്ടായ ഏറ്റുമുട്ടലിൽ 3 പൊലീസുകാർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി കുംബി പൊലീസ് സ്റ്റേഷനു കീഴിലുള്ള ടാങ്ജെങ്ങിലാണ് വെടിവയ്പ്പുണ്ടായത്. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കിഴക്കൻ ഇംഫാലിലെ ചാനുങ്ങിലും വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആഭ്യന്ത്ര മന്ത്രി അമിത് ഷാ മണിപ്പൂരിൽ സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കലാപ ബാധിത പ്രദേശങ്ങളിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന മെയ്തി-കുകി വംശജരുമായി അമിത് ഷാ സംസാരിച്ചിരുന്നു. എത്രയും പെട്ടെന്ന് സംസ്ഥാനത്ത് സമാധാനാന്തരീക്ഷം ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *